സംരംഭകനിൽ നിന്നും സ്റ്റാർട്ടപ്പ് മിഷൻറെ അമരത്തേക്ക് അനൂപ് അംബിക

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി അനൂപ് അംബികയെ സംസ്ഥാന സർക്കാർ നിയമിച്ചു. സംരംഭകത്വത്തിലും അത്യാധുനിക സാങ്കേതികവിദ്യകളിലും വിദഗ്ധനായ അനൂപിന് രണ്ടരപതിറ്റാണ്ടിലധികം പ്രവൃത്തിപരിചയമുണ്ട്.
രാജ്യാന്തര സെയിൽസ്-മാർക്കറ്റിംഗ്, നയരൂപീകരണം, നിർമ്മിതബുദ്ധി, മെഷീൻ ലേർണിംഗ്, ലൈഫ് സയൻസസ്, ഐഡിയേഷൻ എന്നിവയിൽ പ്രാഗൽഭ്യമുണ്ട്. മൂന്നുവർഷത്തേക്കാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു.
ബയോടെക് സ്ഥാപനമായ ജെൻപ്രോ റിസർച്ചിലെ സിഇഒ സ്ഥാനത്തു നിന്നുമാണ് അനൂപ് കെഎസ് യുഎമ്മിൽ എത്തുന്നത്. ക്ലിനിക്കൽ ഡാറ്റാ മാനേജ്‌മെൻറ് സ്ഥാപനമായ ക്രിയാര സൊല്യൂഷൻസിൽ 12 വർഷം സേവനം അനുഷ്ഠിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ അനൂപ് കേരള സർവ്വകലാശാലയിൽ നിന്നും ബിടെക്കും കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായ ജനറൽ ഇലക്ട്രിക്കിൽ ഡിസൈൻ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച അനൂപ് അവിടെ നിന്നും അമേരിക്കയിലെ ബോസ്റ്റണിലെ ലൂസൻറ് ടെക്‌നോളജീസിൽ എത്തി. അവിടുത്തെ നോർട്ടെൽ നെറ്റ് വർക്ക്‌സിൽ പ്രോജക്ട് ലീഡറായും ടെലിക്ക ഇൻകിൽ പ്രോജക്ട് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ സഹസ്ഥാപകനായ അനൂപ് സംസ്ഥാന ആസൂത്രണ ബോർഡിൻറെ കേരള നോളജ് ഇക്കണോമി മിഷനിൽ പ്രതിനിധിയാണ്. കലാ-സാംസ്‌കാരിക സംഘാടകനായ അനൂപ് കേരളത്തിലെ ഐടി കമ്പനികളുടെ കലാ-സാംസ്‌കാരിക ഫോറമായ നടനയുടെ രക്ഷാധികാരിയായിരുന്നു

Advertisements

Hot Topics

Related Articles