മുട്ട കോഴികളുടെ ആർത്തവ രക്തം; കുട്ടികൾക്ക് മുട്ട കൊടുക്കരുത്; കോഴിമുട്ടയെപ്പറ്റി മണ്ടത്തരവുമായി മനേക ഗാന്ധി

ന്യൂഡൽഹി: കുട്ടികൾക്ക് ആരോഗ്യം വർദ്ധിക്കുന്നതിനുള്ള പോഷകാഹാരമായാണ് മുട്ടയെപ്പറ്റി ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, മുട്ടയെപ്പറ്റി ആശാസ്ത്രീയവും മണ്ടത്തരം നിറഞ്ഞതുമായ പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി.
കോഴിയുടെ ആർത്തവ രക്തത്തിൽ നിന്നാണ് മുട്ട ഉണ്ടാവുന്നതെന്നും പ്രത്യേകിച്ചും കുട്ടികൾ മുട്ട കഴിക്കരുതെന്നും മനേക ഗാന്ധി പറഞ്ഞു. ഹൈദരാബാദിൽ ശ്രീ ജയിൻ സേവ സംഘ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ഭക്ഷ്യ വസ്തുവായി മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതികൾ നിർത്തലാക്കണമെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു. തീർത്തും അശാസ്ത്രീയ വാദമാണിതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചില ജീവികളിൽ പ്രത്യേകിച്ച് സസ്തനികളിൽ മാത്രമാണ് ആർത്തവമുള്ളതെന്നും കോഴികൾക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മനേക ഗാന്ധിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്. ആർത്തവമുള്ള കോഴിക്ക് ഇനി മറ്റെന്തിലും വിലക്കുകളുണ്ടാവുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന ട്രോളുകൾ. മുട്ട കഴിക്കുന്നത് കർണാടകയിലുൾപ്പെടെ വിവാദ വിഷയമാണ്. കർണാടകയിൽ സ്‌കൂൾ ഉച്ച ഭക്ഷണത്തിൽ മുട്ടയുൾപ്പെടുത്തിയതിനെതിരെ അടുത്തിടെ ഓൾ ഇന്ത്യ വെജിറ്റേറിയൻ ഫെഡറേഷൻ രംഗത്ത് വന്നിരുന്നു. ഛത്തീസ്ഖണ്ഡിൽ സ്‌കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുമെന്ന കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനത്തെ ബിജെപി എതിർത്തിരുന്നു. പോഷക ഗുണമേറെയുള്ള മുട്ട വിശ്വാസത്തിന്റെ പേരിലും മറ്റും ഭക്ഷണത്തിൽ നിന്ന് മാറ്റി നിർത്തുന്നത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.

Advertisements

Hot Topics

Related Articles