കോട്ടയം: ചുങ്കം മര്യാത്തുരുത്തിൽ തേക്കും പാലം റേഷൻ കടയുടെ സമീപത്തു നിന്നും കളഞ്ഞ് കിട്ടിയ മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ ഉടമയ്ക്ക് കൈമാറി. മള്ളുശേരി കുന്നുമ്പുറത്ത് ടിബിന്റെ സ്വർണ ഉരുപ്പടികളാണ് പൊലീസ് സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറിയത്. ജൂൺ 17നാണ് ചുങ്കം മര്യാത്തുരുത്തിൽ കുമരകം പുളിപ്പറമ്പിൽ ജിമ്മി ജോർജിന് സ്വർണ ഉരുപ്പടികൾ കളഞ്ഞു കിട്ടിയത്. ഇവ ഉടൻ തന്നെ ഇദ്ദേഹം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു കൈമാറുകയായിരുന്നു. ഇതിനു ശേഷം ജാഗ്രതാ ന്യൂസ് ലൈവിൽ വാർത്ത വന്നതിനെ തുടർന്നു സ്വർണ്ണത്തിന്റെ ഉടമ ഗാന്ധിനഗർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്വർണം പൊലീസിൽ ഏൽപ്പിച്ചവരെ വിളിച്ചു വരുത്തി ഇവരുടെ സാന്നിധ്യത്തിൽ സ്വർണ ഉരുപ്പടികൾ ഉടമയ്ക്ക് കൈമാറി.