ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി സുരേഷ് ഗോപിയെ പരിഗണിച്ച് ദേശീയ നേതൃത്വം : വെട്ടി കേരള നേതാക്കൾ: പിന്നിൽ സുരേന്ദ്ര മുരളീധര ഗ്രൂപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചത്ത് കിടക്കുന്ന ബി.ജെ.പിയെ പുനരുജ്ജീവിപ്പിക്കാൻ സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാടി കേന്ദ്ര നേതൃത്വം. എന്നാൽ , സംസ്ഥാനത്ത് തങ്ങൾക്കുള്ള അപ്രമാദിത്വം നഷ്ടമാകുമെന്ന് ഭയന്ന ബി.ജെ.പി നേതൃത്വം സുരേഷ് ഗോപിയെ വെട്ടി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും – കേന്ദ്ര മന്ത്രി വി.മുരളീധരനും അടങ്ങിയ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സുരേഷ്ഗോപിക്ക് വീണ്ടും രാജ്യസഭയിലേക്കുള്ള സാധ്യതയും സംസ്ഥാന അധ്യക്ഷനോ സമാന പദവികളോ ലഭിച്ചേക്കുമായിരുന്ന അവസരവുമില്ലാതാക്കാന്‍ മുരളീധരനൊപ്പം മറ്റ് നേതാക്കളും കൂട്ടുചേര്‍ന്നെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആരോപണം. പാര്‍ടിയെ രക്ഷപ്പെടുത്താനുള്ള അവസരമാണ് ഇവര്‍ കളഞ്ഞുകുളിച്ചതെന്നും ബിജെപിയുടെ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച ശക്തമായി.
ഇത് ശരിവയ്ക്കുന്ന തരത്തില്‍ സുരേഷ്ഗോപിയുടെ പ്രതികരണവും വന്നതോടെ വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാകും. സുരേഷ് ഗോപിയെ ഒതുക്കിയതിനെതിരെ ദേശീയനേതൃത്വത്തിന് പരാതി അയക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
സുരേഷ് ഗോപിക്കൊപ്പം ഇ ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവരെയും അകറ്റി നിര്‍ത്തിയത് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും താല്‍പ്പര്യമാണ്. ഇക്കാര്യത്തില്‍ എല്ലാഗ്രൂപ്പിലുള്ളവരും കക്ഷിയാണെന്ന് പരാതി അയക്കാനൊരുങ്ങുന്ന നേതാക്കള്‍ പറയുന്നു. ബിജെപിയുടെ സംസ്ഥാന വക്താക്കളടക്കം സുരേഷ്ഗോപിയെ ഒതുക്കുന്നതിനെതിരെ രംഗത്തുണ്ട്. കേന്ദ്രമന്ത്രിയായ വി മുരളീധരനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സുരേഷ്ഗോപിക്ക് എംപി എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നു.
ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. ദേശീയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയവരുമായി നല്ല ബന്ധമാണെന്നും അവര്‍ക്ക് ഇനിയും ശക്തമായ പിന്തുണ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി വിടുന്നുവെന്ന പ്രചാരണം ശരിയല്ല. അങ്ങനെ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഏപ്രിലില്‍ രാജ്യസഭയില്‍നിന്ന് വിരമിച്ച സുരേഷ് ഗോപിക്ക് ഒരു തവണകൂടി അവസരം നല്‍കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ദേശീയ നേതാക്കളും അതിന് തയ്യാറായിരുന്നുവെന്നാണ് വിവരം. എന്നാല്‍, സംസ്ഥാന നേതൃത്വമാണ് വിലങ്ങുതടിയായത്.

Advertisements

Hot Topics

Related Articles