കോട്ടയം: കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക് പരിക്ക്. കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപമാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ദമ്പതിമാരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി കെകെ റോഡിൽ വൻ ഗതാഗതക്കുരക്കും അനുഭവപ്പെട്ടു.
മണർകാട് മാലം കൊച്ചു പറമ്പിൽ റോയി ചാക്കോ (53), ഭാര്യ സുനിത റോയി (48) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ടു പേരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. കോട്ടയം നഗരത്തിലേയ്ക്കു വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിൽ തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്നു റോഡിൽ വീണാണ് രണ്ടു പേർക്കും പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരുയെും നില ഗുരുതരമല്ല. സംഭവത്തിൽ കോട്ടയം ട്രാഫിക് പൊലീസ് കേസെടുത്തു.