പൊൻകുന്നത്ത് സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് മരിച്ച ഹോട്ടൽ ജീവനക്കാരന്റെ സംസ്കാരം നടത്തി : ബസിടിച്ചത് റോഡിൽ മറിഞ്ഞ് കിടന്ന സ്കൂട്ടറിൽ

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ രണ്ടാംമൈലിൽ ഹോട്ടൽജീവനക്കാരനായ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസിടിച്ചത് മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ. തിങ്കളാഴ്ച രാത്രി നടന്ന അപകടത്തിൽ പനമറ്റം അക്കരക്കുന്ന് കാവിൽത്താഴെ രാജേന്ദ്രൻപിള്ള(56)യാണ് മരിച്ചത്. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് പനമറ്റത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

Advertisements

മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിക്കുകയായിരുന്നുവെന്ന് പൊൻകുന്നം ഡിപ്പോയിലെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ വി.എസ്.സുരേഷ് പൊലീസിൽ മൊഴിനൽകി. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാൽ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നത് കണ്ടത്.   ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിൽ ഇടിച്ച് കുറച്ചുദൂരം മുൻപോട്ട് നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റേതെങ്കിലും വാഹനം സ്‌കൂട്ടറിൽ തട്ടി വീണതാണോയെന്ന് പൊലീസ് അന്വേഷിക്കും. എന്നാൽ ഇതുസംബന്ധിച്ച് ദൃക്‌സാക്ഷകളില്ലെന്ന് പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ് പറഞ്ഞു.സി.സി.ടി.വി.ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടത്തിൽ പെട്ട സ്‌കൂട്ടറും കെ.എസ്.ആർ.ടി.സി.ബസും ഫോറൻസിക് വിഭാഗം പരിശോധിച്ച് തെളിവെടുത്തു. രാജേന്ദ്രൻപിള്ളയുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.

പനമറ്റം ദേശീയവായനശാലയിൽ എല്ലാരും പാടുന്നു എന്ന പാട്ടുകൂട്ടായ്മയിൽ പങ്കെടുത്തിരുന്ന രാജേന്ദ്രൻപിള്ള സുഹൃത്തുക്കൾക്കിടയിൽ രാജേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഗായകനും മിമിക്രി കലാകാരനുമായിരുന്നു. ഭാര്യ: സുമ. മക്കൾ: ജ്യോതിഷ്, സൂരജ്. 

Hot Topics

Related Articles