കോട്ടയം: കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിയ്ക്കു ഗുരുതര പരിക്ക്. കടുത്തുരുത്തി എസ്.വി.ഡി സ്കൂൾ സെവൻത് ഡേ സ്കൂൾ ബസിന്റെ എമർജൻസി വാതിൽ തുറന്നാണ് കുട്ടി തെറിച്ചു വീണത്. കടുത്തുരുത്തിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നു വയസുകാരനാണ് ബസിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റത്. സ്കൂളിലെ എൽകെജി വിദ്യാർത്ഥിയായിരുന്നു കുട്ടി.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കടുത്തുരുത്തി മങ്ങാട് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളിന്റെ ബസിൽ കുട്ടി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി എമർജൻസി വാതിൽ തുറന്ന് കുട്ടി പുറത്തേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. സ്കൂൾ ബസിന്റെ പുറത്തേയ്്ക്കുള്ള കമ്പിയിൽ കുടുങ്ങിയ കുട്ടി മീറ്ററുകളോളം ദൂരം തൂങ്ങിക്കിടക്കുകയായിരുന്നു. ഇതേ തുടർന്നാണ് റോഡിലേയ്ക്കു തെറിച്ചു വീണത്. കുട്ടി വീണതിനു ശേഷം മാത്രമേ ബസ് ജീവനക്കാരും ഡ്രൈവർ അടക്കമുള്ളവരും അപകട വിവരം അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെറിച്ചു വീണ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ച കുട്ടിയെ പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിൽ കിടത്തിയ ശേഷം വിട്ടയച്ചു. ബുധനാഴ്ച രാവിലെ തന്നെ കുട്ടിയെ വീട്ടിൽ എത്തിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഇതിനിടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി സ്കൂളിനെതിരെ പരാതി ഇല്ലെന്ന് അറിയിക്കുകയും കേസ് ഒത്തു തീർപ്പാക്കുകയും ചെയ്തതായും സൂചനയുണ്ട്.