കൊച്ചി: ആരാധകരുടെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് അറുതിയിട്ട് അടുത്ത സീസണിലേക്കുള്ള ആദ്യത്തെ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സിഗ്രീക്ക്-ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്. താരവുമായുള്ള കരാര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്ന താരം 2023 വേനല്‍ക്കാല സീസണ് വരെ മഞ്ഞ ജഴ്സി അണിയും.
ഗ്രീസില്‍ ജനിച്ച ജിയോനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് മാറി. നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന് ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.2016ല്‍, റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷോ സിറ്റി എഫ്സിയില്‍ ചേര്‍ന്നു. ഏഷ്യയിലെ രണ്ട് സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒഎഫ്ഐ ക്രീറ്റ് എഫ്സിയിലേക്ക് കളം മാറി. മക്കാര്‍ത്തര്‍ എഫ്സിക്കു വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. എല്ലാ യൂത്ത് ടീം തലങ്ങളിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പോസ്തൊലോസ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്. ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ജിയാനുവിന് കേരളത്തില്‍ ഏറ്റവും നല്ല കാലം ആശംസിക്കുന്നു- സ്കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി ഒപ്പുവച്ച ശേഷം അപ്പോസ്തൊലോസ് ജിയാനു പറഞ്ഞു. ക്ലബിനായി തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.