കൊച്ചി:യുകെയിൽ നിന്നുമെത്തിയ വിദ്യാർഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാർഥികൾക്ക് ഏറെ കൗതുകമായി. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സമ്മർ സ്‌കൂളിന്റെ ഭാഗമായാണ് ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ 11 അംഗ വിദ്യാർഥിസംഘം കൊച്ചിയിൽ എത്തിയത്.
സിയാൽ എംഡി എസ്. സുഹാസ് ഐഎഎസുമായി വിദ്യാർഥികൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് എയർപോർട്ട് കമ്പനി നടത്തുന്ന പ്രവർത്തനങ്ങളെ വിദ്യാർഥികൾ പ്രശംസിച്ചു. വിമാനത്താവളത്തോട് അനുബന്ധിച്ച് സിയാൽ നടത്തുന്ന ജൈവ പച്ചക്കറി ഫാമും ഗോൾഫ് കോഴ്സും വിദ്യാർഥികൾ സന്ദർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്രതലത്തിൽ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റർനാഷണൽ സമ്മർ സ്‌കൂൾ സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നതാണ് സമ്മർ സ്‌കൂളിന്റെ പ്രമേയം. ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സ്‌കൂളിനിടെ സംഘം കൊച്ചിയിലെ ചരിത്രപ്രധാന സ്ഥലങ്ങളും പ്രമുഖ വ്യക്തികളെയും വരും ദിവസങ്ങളിൽ സന്ദർശിക്കും.