യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രൊസ്പക്‌ട്‌സ് പറയുന്നു.ലോക ജനസംഖ്യ ഇപ്പോള്‍ വര്‍ധിക്കുന്നത് ഒരു ശതമാനത്തിനു താഴെ മാത്രമാണ്. 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2030ല്‍ ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം 850 കോടിയില്‍ എത്തും.
2050ല്‍ ഇത് 970 കോടി ആവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2080ല്‍ ജനസംഖ്യ ആയിരം കോടി കടക്കും. 2100 വരെ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും യുഎന്‍ കണക്കുകൂട്ടുന്നു.അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും. 2022ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബി്‌ല്യണും (നൂറു കോടി) ചൈനയുടേത് 1.426 ബില്യണുമാണ്. 2050ല്‍ ഇത് 1.668 ബില്യണും 1.317 ബില്യണുമായി മാറും.കിഴക്കന്‍ ഏഷ്യയും തെക്കു കിഴക്കന്‍ ഏഷ്യയുമാണ് 2022ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മേഖലകള്‍. ആഗോള ജനസംഖ്യയുടെ 29 ശതമാനവും ഈ മേഖലകളിലാണ്. മധ്യ, തെക്കന്‍ ഏഷ്യയില്‍ ലോക ജനസംഖ്യയുടെ 26 ശതമാനവും കഴിയുന്നു.2050 വരെയുള്ള ജനസംഖ്യാ വര്‍ധനയില്‍ കൂടുതലും എട്ടു രാജ്യങ്ങളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, താന്‍സാനിയ എന്നിവ.