കോട്ടയം: കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സി ബസ് നഷ്ടത്തിന്റെ കണക്കു മാത്രമാണ് ഇതുവരെ നമുക്ക് മുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ, ആന വണ്ടിയുടെ യാത്രയും ഓട്ടവും നാടിന് സമർപ്പിച്ചിരിക്കുന്നത് ആഘോഷത്തിന്റെ വലിയ കഥകളാണ്. കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സിയിൽ നടത്തിയ ആഘോഷ യാത്രകളുടെ കഥകളാണ് ഇപ്പോൾ കോട്ടയത്തെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പഴികേട്ടും നഷ്ടത്തിന്റെ കണക്കു പറഞ്ഞും മടുത്തിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി. ശമ്പളം പോലുമില്ലാതെ ജീവനക്കാർ നട്ടം തിരിയുകയാണ്. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സിയെ സ്‌നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകി വിനോദയാത്ര. കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്കുള്ള കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രയാണ് ആഘോഷയാത്രയാക്കി മാറ്റിയത്. നൃത്തംകളിച്ചും, പാട്ടുപാടിയും യാതൊരു പരിചയവുമില്ലാത്തവർ ഒന്നായി മാറിയ വിനോദയാത്രയുടെ ആഘോഷ വീഡിയോയും, കുറിപ്പും പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ പങ്ക് വച്ചതോടെയാണ് വൈറലായി മാറിയത്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ മറ്റൊരുമുഖമാണ് തങ്ങൾ കണ്ടതെന്നും വിനോദ സഞ്ചാരികൾ പറയുന്നു. ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ നിശാന്തിനും, ഇൻചാർജ് വിജുവിനും സ്‌നേഹത്തോടെയുള്ള അനുമോദനം പങ്കുവയ്ക്കാനും യാത്രക്കാർ മറന്നില്ല. ഇനിയും ആളുകൾ നിറയുന്ന യാത്രകളിലൂടെ കെ.എസ്.ആർ.ടി.സി വിജയത്തിലേയ്ക്കു യാത്ര ചെയ്യട്ടേയെന്നാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് ഉദ്യോഗസ്ഥനായ അനിൽ പാമ്പാടിയുടെ വൈറൽ കുറിപ്പ് കാണാം –
വളരെ അപ്രതീക്ഷിതമായിട്ടാണ് കെ.എസ്.ആർ.ടി.സിയുടെ കോട്ടയം – മലക്കപ്പാറ ഉല്ലാസ യാത്രയിൽ ഇന്നലെ പങ്കെടുത്തത്. മലക്കപ്പാറ വഴി മുൻപും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവം ആയി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരേ സീറ്റിൽ യാത്ര ചെയ്താലും പേരോ സ്ഥലമോ പരസ്പരം ചോദിച്ചറിയാത്തവരാണ് നമ്മളിൽ പലരും. എന്നാൽ യാതൊരു മുൻപരിചയവും ഇല്ലാതെ രാവിലെ 6 മണിക്ക് ഒത്തുകൂടിയവർ സാവധാനം ഒരു കുടുംബമാകുന്ന വികാരമാണ് ഈ യാത്രയിൽ ഉണ്ടായത്. ഡ്രൈവർ ശ്രീ. നിശാന്ത്, വെഹിക്കിൾ ഇൻ ചാർജ് ശ്രീ. വിജു എന്നിവരുടെ പെരുമാറ്റ രീതിയേ വർണിക്കുവാൻ വാക്കുകളില്ല. കഴിഞ്ഞ കുറേ നാളുകളായി കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി നമുക്ക് അറിവുള്ളതാണല്ലോ? തൊഴിലുറപ്പുകാർക്കും ബംഗാളികൾക്കും ഒക്കെ കൃത്യമായി വേതനം ലഭിക്കുമ്പോൾ ചെയ്ത ജോലിക്കുള്ള വേതനത്തിനായി നീതി പീഠത്തേ സമീപിക്കേണ്ടിവരുന്ന അവസ്ഥ മറ്റാർക്കാണ് ഉള്ളത്? സംതൃപ്തരായ ജീവനക്കാർക്ക് മാത്രമേ സംതൃപ്തമായ സേവനം നൽകാൻ കഴിയൂ എന്നാണ് കരുതിയിരുന്നത്. എന്നാൽ അതല്ല, മറിച്ച്, തങ്ങളുടെ കഷ്ടപ്പാടും വേദനയും ഉള്ളിലൊതുക്കി പുറമേ ചിരിക്കുന്ന മുഖവുമായി യാത്രക്കാർക്ക് സന്തോഷം പകരുന്ന വർത്തമാനങ്ങളും ആട്ടവും പാട്ടുമൊക്കെയായി ജീവിതം തള്ളി നീക്കുവാൻ ആർക്കാണ് സാധിക്കുക ? അങ്ങനെയുള്ള രണ്ട് പേരെയാണ് നിശാന്തിലും വിജുവിലും കണ്ടത്.
എങ്ങിനെയാണ് ഒരു ഡ്രൈവർ ഇത്രയും സൗമന്യാകുന്നത്? കെ.എസ്.ആർ.ടി.സി ജീവനക്കാരേപ്പറ്റി ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ ഇന്നലെ ഈ ബസിൽ യാത്ര ചെയ്ത 50 പേർക്ക് എങ്കിലും ഉറപ്പായും മാറിയിട്ടുണ്ടാകണം.(എല്ലാ മേഖലയിലും ഉള്ളതു പോലെ ചില പുഴുക്കുത്തുക്കൾ ഇതിലും ഉണ്ടാകാം.) ഞാൻ കെ.എസ്.ആർ.ടി.സിയുടെ ആരാധകനല്ല. പക്ഷേ ഇവരുടെ പെരുമാറ്റം അങ്ങനാക്കി. നീറുന്ന മനസ്സുമായി, നാളെ എന്ത് എന്ന ചോദ്യവും ഉള്ളിലൊതുക്കി 50 പേരുടെ ജീവനും ഒരു വളയത്തിൽ പിടിച്ച്, റയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും പരീക്ഷാ കേന്ദ്രത്തിലും വിവാഹ സ്ഥലത്തും മരണ വീട്ടിലും യാത്രക്കാരെ കൃത്യസമയത്ത് എത്തിക്കുവാനായി വാഴ നടാവുന്ന റോഡിൽക്കൂടി കാൽ അമർത്തി ചവിട്ടി പോകുന്ന ഡ്രൈവർമാരേപ്പറ്റി നമ്മൾ ചിന്തിച്ചിട്ടുണ്ടോ? നമ്മൾ ചെയ്യുന്ന ജോലിക്ക് മാസാവസാനം വേതനം ലഭിക്കാതെ വന്നാൽ നമ്മുടെ വികാരമെന്താകും? ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ.
കെ.എസ്.ആർ.ടി.സിയുടെ അടുത്ത ഉല്ലാസ ട്രിപ്പിനായി കാത്തിരിക്കുന്നു. ഒരിക്കൽ പോയാൽ വീണ്ടും നമ്മെ കൊതിപ്പിക്കുന്ന യാത്രകൾ. ഈ പൊതുഗതാഗത സംവിധാനം നിലനിർത്തേണ്ടത് നമ്മുടേയും ആവശ്യമാണ്. വിയർപ്പൊഴുക്കുന്ന
ജീവനക്കാരുടെ ചോര കുടിക്കുന്ന കണ്ണട്ടകൾ സമ്മതിക്കുമോ?