കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായുള്ള ഫോറന്‍സിക് പരിശോധനാഫലം തുടരന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകും. കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫോണിലെ മെമ്മറികാര്‍ഡ് അനധികൃതമായി തുറന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടിവരും. കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കും.
ദിലീപിന്റെ കൈയില്‍ ദൃശ്യങ്ങളുള്ളതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എട്ടാംപ്രതി നടന്‍ ദിലീപിലേക്ക് സംശയമുന നീളാം. 2017 ഫെബ്രുവരി 18ന് അവസാനമായി ഔദ്യോഗികമായി പരിശോധിച്ച മെമ്മറി കാര്‍ഡ് 2018 ഡിസംബര്‍ 13നും അതിനുമുൻപ് പലതവണ അനധികൃതമായി തുറന്നതായി തിരുവനന്തപുരം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടറാണ് ആദ്യം വെളിപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിലീപിന്റെ ആവശ്യപ്രകാരം തനിപകര്‍പ്പ് എടുക്കാന്‍ ലാബില്‍ എത്തിച്ചപ്പോഴായിരുന്നു കണ്ടെത്തല്‍. 2020 ജനുവരി പത്തിനാണ് എത്തിച്ചത്. 2020 ജനുവരി 20ന് ഈ റിപ്പോര്‍ട്ട് പ്രത്യേക ദൂതന്‍വഴി വിചാരണക്കോടതിക്ക് കൈമാറി. 2022 ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ചിന് ഈ റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് ആവശ്യപ്പെട്ടു. മെയ് ഒൻപതിന് വിചാരണക്കോടതി ആവശ്യം നിരസിച്ചു. എന്നാൽ പ്രോസിക്യൂഷന്‍ ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ജൂലൈ അഞ്ചിനാണ് മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ 2017 ഫെബ്രുവരി ഇരുപത്തഞ്ചിനാണ് മെമ്മറി കാര്‍ഡ് ആദ്യമായി ഹാജരാക്കിയത്. തുടര്‍ന്ന് 2017 ഫെബ്രുവരി 27ന് ഫോറന്‍സിക് പരിശോധന നടത്തി. റിപ്പോര്‍ട്ട് 2017 മാര്‍ച്ച് മൂന്നിന് ലഭിച്ചു. ഈ റിപ്പോര്‍ട്ടില്‍ 2017 ഫെബ്രുവരി 17ന് രാത്രി 10.30നും 10.48നുമാണ് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്ന് കണ്ടെത്തി. പിറ്റേന്ന് രാവിലെ 9.18 മുതല്‍ മൂന്ന് മിനിറ്റുകൊണ്ട് ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയെന്നും വ്യക്തമായിരുന്നു.
എന്നാൽ കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് കാണിച്ച് അന്വേഷകസംഘം കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം 15ന് തീരുന്നതുകൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.