ഈരയിൽക്കടവ് റോഡിൽ റോളർ സ്‌കേറ്റിംങ് നടത്തിയ കുരുന്നിന് നേരെ കുരച്ചെത്തി തെരുവുനായ; മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും തൃക്കയിൽ ക്ഷേത്രം റോഡിലും തെരുവുനായയുടെ കൂട്ടവിളയാട്ടം; നായയെ അധികൃതർ തടഞ്ഞില്ലെങ്കിൽ കടുത്ത നടപടി വേണ്ടി വരുമെന്നു നാട്ടുകാർ

കോട്ടയം: നഗരത്തിലെയും പരിസരപ്രദേശത്തെയും വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ അഴിഞ്ഞാട്ടം. തിരക്കേറിയ ഈരയിൽക്കടവ് റോഡിലും, മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും, തൃക്കയിൽ ക്ഷേത്രം ഭാഗത്തുമാണ് നായ്ക്കൾ അഴിഞ്ഞാടുന്നത്. ഇത്തരത്തിൽ നായ്ക്കളുടെ വിളയാട്ടം സാധാരണക്കാർക്കും, കുട്ടികൾക്കുമാണ് ഏറെ ഭീഷണി ഉയർത്തുന്നത്. നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. നഗരസഭയ്ക്കടക്കം വിഷയത്തിൽ പരാതി നൽകിയ നാട്ടുകാർ, കർശന നടപടിയുണ്ടായില്ലെങ്കിൽ തങ്ങൾ നേരിട്ട് കടുത്ത നടപടിയിലേയ്ക്കു കടക്കുമെന്നാണ് അറിയിക്കുന്നത്.

Advertisements

കുട്ടിയ്ക്കു നേരെ കുരച്ചെത്തി
രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വൈകുന്നേരങ്ങളിലും, രാവിലെയും നിരവധി ആളുകളാണ് നടക്കാനായി എത്തുന്നത്. ഇത്തരത്തിൽ എത്തുന്നവർക്ക് ഭീഷണി ഉയർത്തുകയാണ് തെരുവുനായക്കൾ. കഴിഞ്ഞ ദിവസം ഈരയിൽക്കടവ് റോഡിൽ റോളർ സ്‌കേറ്റിംങ് പരിശീലിക്കാൻ എത്തിയ കുട്ടിയ്ക്കു നേരെ തെരുവുനായ കുരച്ചു ചാടി. നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് കുട്ടി രക്ഷപെട്ടത്. സമാന രീതിയിൽ നായയുടെ ആക്രമണ ഭീതിയുണ്ടായ പലരും ഈരയിൽക്കടവ് റോഡിലുണ്ട്. ഇരുപതോളം നായ്ക്കളാണ് ഈരയിൽക്കടവിൽ നടക്കുന്നത്. ഇവിടെ തള്ളുന്ന മാലിന്യം ഭക്ഷിച്ച് തടിച്ചു കൊഴുത്തിരിക്കുന്ന നായ്ക്കളെ ആളുകൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കാമെന്ന ഭീതിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ഇടപെടണം
ഇല്ലെങ്കിൽ കൈകാര്യം ചെയ്യും
മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡ്, തൃക്കയിൽ ക്ഷേത്രം റോഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയാണ് തെരുവുനായ്ക്കൾ. നായ്ക്കളുടെ ആക്രമണം ഏതു നിമിഷവും വന്യമായ രീതിയിലേയ്ക്കു മാറാനുള്ള സാധ്യതയും ഏറെയാണ്. രണ്ടിടത്തുമായി മുപ്പതോളം നായ്ക്കളുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്‌കൂൾ കുട്ടികൾക്കാണ് നായ്ക്കൾ ഏറെ ഭീഷണി ഉയർത്തുന്നത്. ഒറ്റയ്്ക്കു നടന്നു പോകുന്ന കുട്ടികൾക്കു നേരെ നായ്ക്കൾ കുരച്ചു ചാടുന്നത് പതിവ് കാഴ്്ചയാണ്. കുറ്റിക്കാട് ക്ഷേത്രം റോഡിലും, തൃക്കയിൽ ക്ഷേത്രം റോഡിലുമുള്ള നായ്ക്കളെ തടയാൻ നഗരസഭ അധികൃതർ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നായ്ക്കളെ തടയാൻ നഗരസഭ നടപടിയെടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേയ്ക്കു തങ്ങൾ തിരിയുമെന്നും നാട്ടുകാർ അറിയിക്കുന്നു. നായ് ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അൻപതോളം വീട്ടുകാർ ഒപ്പിട്ട് നഗരസഭയിൽ നിവേദനവും സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

Hot Topics

Related Articles