പത്തനംതിട്ട കൊടുമല്ലിൽ സാമൂഹ്യ വിരുദ്ധർ സദാചാര ഗുണ്ട ചമഞ്ഞ് ആക്രമണം നടത്തി : യുവാവിന് ഗുരുതര പരിക്ക് ; രണ്ട് പ്രതികൾ പിടിയിൽ

പത്തനംതിട്ട : സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി, വണ്ടി കിട്ടാതെ നടന്നു പോയ യുവാവിനെ മർദ്ദിച്ചു കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മൂന്നു പ്രതികളിൽ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ചെന്നായിക്കുന്ന് തേങ്ങുവിളയിൽ രാജേന്ദ്രന്റെ മകൻ ഉണ്ണി (25), ചെന്നായിക്കുന്ന് പടിഞ്ഞാറേചരുവിൽ വീട്ടിൽ നിന്നും ചെന്നീർക്കര മാത്തൂർ കയ്യാലെത്ത് മേമുറിയിൽ ഇപ്പോൾ താമസം ആനന്ദന്റെ മകൻ അരുൺ (25) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. കഴിഞ്ഞ 12 ന് രാത്രി 10.30 ന് ശേഷമാണ് സംഭവം.

Advertisements

പോരുവഴി അമ്പലത്തുംഭാഗം സാംസ്കാരികനിലയം ജംഗ്ഷനുസമീപം മനോജ്‌ ഭവനത്തിൽ മഹേഷി(34) നാണ് മർദ്ദനമേറ്റത്. അടൂർ ബസ് സ്റ്റാന്റിൽ രാത്രി 8.30 നെത്തിയ മഹേഷ്‌, ബസ്സ് കിട്ടാത്തതിനാൽ അടൂരിൽ നിന്നും കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയപ്പോൾ, ചെന്നായിക്കുന്ന് എന്ന സ്ഥലത്തുവച്ച് കലുങ്കിൽ ഇരുന്ന മൂന്നുപേർ തടഞ്ഞ് ചോദ്യം ചെയ്തു. ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യം ചോദിച്ചത്. ജയക്കുട്ടൻ എന്നയാളെയും, സ്ഥലം മെമ്പറെയും അറിയാമെന്നു മറുപടി പറഞ്ഞപ്പോൾ, ചെന്നായിക്കുന്നിലുള്ള ഏതോ പെണ്ണിനെക്കാണാൻ വന്നതാണെന്ന് ആരോപിച്ച് മർദ്ദിക്കാൻ തുടങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികൾ തുടർന്ന് ഇയാളെ ബൈക്കിൽ കയറ്റി ജയക്കുട്ടന്റെ വീടിന് സമീപം എത്തിച്ചശേഷം, ഫോട്ടോ മൊബൈലിൽ പകർത്തി, ജയക്കുട്ടനെ കൊണ്ടുപോയി കാണിക്കുകയും, തിരിച്ചുവന്നിട്ട് ദേഹോപദ്രവം തുടരുകയുമായിരുന്നു. ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്കും മൂക്കിനും പുറത്തും അടിച്ച് താഴെയിട്ടശേഷം ചവിട്ടുകയും, ഇടതുകൈ പിടിച്ചുതിരിക്കുകയും ചെയ്തു. പിന്നീട് ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തുപോയി മർദ്ദനം തുടർന്നു. നിലവിളിച്ച യുവാവിനെ, മർദ്ദനവിവരം മെമ്പറോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മണിക്കൂറുകളോളം മർദ്ദനം തുടരുകയും ചെയ്തു.

ഇടതുകാലിലും വലതുകൈ മുട്ടിലും, വലത് കണ്ണിന്റെ ഭാഗത്തും മുറിവേറ്റ യുവാവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലുമുണ്ടായി. ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയും, ശനിയാഴ്‌ച ഉച്ചയോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ഉണ്ണിയെ കൊടുമണിൽ നിന്നും അരുണിനെ അടൂർ സെൻട്രൽ ടോളിനടുത്തുവച്ചുമാണ് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്, രണ്ടാം പ്രതിയ്ക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പിടിച്ചെടുത്തു. ഒന്നാം പ്രതി ഉണ്ണി കൊടുമൺ സ്റ്റേഷനിലെ വേറെ രണ്ട് ദേഹോപദ്രവ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിനൊപ്പം എസ് ഐ മനീഷ്, എസ് സി പി ഓ മാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ബിജു, ജിതിൻ, സുരേഷ്, കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Hot Topics

Related Articles