പ്രഥമം പ്രതിരോധം: കൊതുക് ഉറവിട
നിർമാർജ്ജനം ആദ്യഘട്ടം പൂർത്തിയായി

കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിനു ജൂലൈ 15 മുതൽ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജിത രോഗ പ്രതിരോധ പരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. സ്‌കൂളുകൾ, തൊഴിലിടങ്ങൾ, തോട്ടങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കൊതുകുകളുടെ ഉറവിട നിർമാർജ്ജനത്തിന്റെ ആദ്യഘട്ടമാണ് പൂർത്തീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.

Advertisements

കെട്ടിടത്തിനുള്ളിലും തോട്ടങ്ങളിലും പരിസരത്തും ചെറു വെള്ളക്കെട്ടുകൾ, കപ്പുകൾ, പാത്രങ്ങൾ, മുട്ടത്തോട്, പൂച്ചെട്ടി, കുടിവെള്ള സംഭരണ ടാങ്കുകൾ തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ടോയെന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച് നിർമാർജ്ജനം ചെയ്യുന്ന പരിപാടിയാണ് ആദ്യ മൂന്നു ദിവസങ്ങളിൽ നടത്തിയത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ആരോഗ്യവകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, ആരോഗ്യസേന വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

772 സ്‌കൂളുകളിലായി 5870 കൊതുകു ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. ഇവയിൽ 257 എണ്ണത്തിൽ കൊതുക് കൂത്താടിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

1483 തൊഴിലിടങ്ങൾ, തോട്ടങ്ങൾ എന്നിവ സന്ദർശിച്ച് 5250 കൊതുക് ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. ഇവയിൽ 381 എണ്ണത്തിൽ കൊതുകു കൂത്താടികളെ കണ്ടെത്തി. 42323 വീടുകൾ സന്ദർശിച്ച് 68662 ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. ഇവയിൽ 4125 ഉറവിടങ്ങളിൽ കൊതുകു കൂത്താടികൾ ഉണ്ടായിരുന്നു.

ജൂലൈ 21 വരെ പരിപാടിയുടെ ഭാഗമായി മലിനജലസമ്പർക്കമുള്ള ജോലി ചെയ്യുന്നവർക്കും പ്രദേശവാസികൾക്കും എലിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തും. 22 മുതൽ 24 വരെ രണ്ടാം ഘട്ട കൊതുകു നിർമാർജ്ജനം നടത്തും.

25 മുതൽ 28 വരെ വീടുകൾ സന്ദർശിച്ച് കുടിവെള്ള സ്രോതസുകളുടെ അണുനശീകരണം നടത്തും. 29 മുതൽ 31 വരെ അവസാന ഘട്ട കൊതുകു നിർമാർജ്ജനം നടത്തും. ജൂലൈ 22, 29 തീയതികളിൽ പേവിഷബാധ ബോധവത്കരണവും നടത്തും. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles