കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സുനിയെ എത്തിച്ചത്. സുനിയുടെ അസുഖം എന്തെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഇയാള്‍ സമര്‍പ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് ലഭ്യമാകുന്ന വിവരം.
പള്‍സര്‍ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമെന്ന് മുന്‍ ജയില്‍ വകുപ്പ് മേധാവി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയായിരുന്നു സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗീക പീഡനം നടത്തി ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന ശ്രീലേഖയുടെ പരാമര്‍ശം പോലീസ് ഏറെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തുള്ള അനുബന്ധ കുറ്റപത്രം തയ്യാറായി. 1500 പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശര്രത്താണ് ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്‍റെ പക്കല്‍ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
ദിലീപിന്‍റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സംവിധായകന്‍ ബാല ചന്ദ്രകുമാര്‍ സാക്ഷിയാണ്. ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖ, അനൂപിന്‍റെ ഫോണിന്‍റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം…ഇത്തരം വിശദാംശങ്ങളാണ് ക്രൈബ്രാഞ്ച് തെളിവായി കണ്ടെത്തിയിട്ടുള്ളത്. ശരത്ത് പ്രതിയായ സാഹചര്യത്തില്‍ ദിലീപിതെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. തെളിവുകള്‍ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് കുറ്റം.