രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് വോട്ട് ചെയ്ത കേരളത്തിലെ ആ എംഎൽഎ മാണി സി കാപ്പനോ ? കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ അടുത്ത എൻഡിഎ സ്ഥാനാർത്ഥി കാപ്പനാകുമോ ? പ്രചരിക്കുന്ന വാർത്തകൾക്ക് പാലാ എം.എൽ.എയുടെ മറുപടി ഇങ്ങനെ

കോട്ടയം : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമ്മുവിന് അനുകൂലമായി കേരളത്തിൽ നിന്നും ഒരു വോട്ട് ലഭിച്ചതായി വാർത്തകൾ പുറത്തുവന്നതോടെ ആ എംഎൽഎ ആരാണെന്ന് ചർച്ചയിലാണ് രാഷ്ട്രീയ കേരളം. പല പേരുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിലായി പാലാ എംഎൽഎ മാണിസി കാപ്പിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. മാണി സി കാപ്പൻ ബിജെപിയുമായി ചർച്ച നടത്തിയെന്നും , കാപ്പന്റെ പാർട്ടിയായ എൻസികെ എൻഡിഎയിലേക്ക് പോകുമെന്നുമാണ് ചർച്ചകൾ ഉടലെടുത്തിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും കാപ്പൻ മത്സരിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

Advertisements

കാപ്പൻറെ പേര് പറയാതെ സൂചനകൾ നൽകിയാണ് വാർത്തകൾ പ്രചരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്നുള്ള ഒരു എംഎൽഎ യുടെ വോട്ട് ലഭിച്ചിരുന്നു. അതോടുകൂടി തന്നെ ബിജെപി കേരളത്തിൽ ശക്തമായ കരുനീക്കം നടത്തുകണെയെന്ന എന്ന പ്രചരണവും ഉയർന്നിരുന്നു. ഇന്ന് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച പൊളിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത് മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഒരു സിറ്റിങ് എംഎൽഎ കോട്ടയം പാർലമെന്റ് സീറ്റിൽ ബിജെപിക്കായി മത്സരത്തിന് ഇറങ്ങും എന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ എം.എൽ.എ യു.ഡി.എഫിന്റെ ഭാഗമായുള്ള പാലാ എം.എൽ.എ മാണി സി.കാപ്പനാണെന്നു സൂചനകൾ സഹിതം പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ മാണി സി.കാപ്പന്റെ പേരിലാണ് ഈ പ്രചാരണം ശക്തമായത്. തുടർന്ന്, മാണി സി.കാപ്പനും പാർട്ടിയും എൻഡിഎയിലേയ്ക്കു പോകുകയാണ് എന്ന പ്രചാരണം ശക്തമായത്.

ഈ പ്രചാരണങ്ങൾക്കാണ് മാണി സി.കാപ്പൻ എം.എൽ.എ മറുപടി പറഞ്ഞത്.
ഞാൻ പാലായിലെ നല്ല കുടുംബക്കാരനാണ്.. നല്ല അപ്പനുണ്ടായ ആളാണെന്നു സ്വതസിദ്ധമായ പാലാ ശൈലിയിൽ മാണി സി.കാപ്പൻ പറയുന്നു. ദ്രൗപതി മുർമ്മുവിന് വോട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ ശേഷം വോട്ട് ചെയ്യും. നിലവിൽ ഞാൻ ആർക്കും വോട്ട് ചെയ്തിട്ടില്ല. ചർച്ചകൾ പലയിടത്തും, പലതും നടക്കുന്നുണ്ടാകും. എന്റെ മണ്ഡലത്തിൽ എത്തുന്ന എല്ലാവരെയും ഒരു പോലെ തന്നെയാണ് ഞാൻ കാണുന്നതെന്നും മാണി സി.കാപ്പൻ പറയുന്നു. മറിച്ചുള്ള ചർച്ചകളൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു.

പ്രചാരണം കോൺഗ്രസിൽ അന്തച്ഛിദ്രം വരുത്താൻ
കോട്ടയം ജില്ലയിലെ എംഎൽഎ എൻഡിഎ പാളയത്തിലേക്ക് എന്ന പ്രചരണം യുഡിഎഫിൽ അന്തഃഛിദ്രങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തലുണ്ട്. കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കേരള കോൺഗ്രസിനെ തിരികെ യുഡിഎഫിൽ എത്തിക്കുവാൻ ശ്രമിക്കുമെന്ന് പ്രഖ്യാപനം നടത്തി എന്ന നിലയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് ഇല്ല എന്ന മറുപടിയുമായി വക്താക്കൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

സഭയുമായി അടുത്ത ബന്ധമുള്ള കോട്ടയം ജില്ലയിലെ ഒരു എംഎൽഎ എൻഡിഎ പാളയത്തിൽ എത്തും എന്നുള്ള പ്രചരണം കോട്ടയത്ത് ജില്ലാ കോൺഗ്രസിൻറെ ഏറ്റവും ശത്രുതയുള്ള ഒരു എംഎൽഎയെ യുഡിഎഫിന് ഉള്ളിൽ സംശയ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ നീക്കം ആയും വിലയിരുത്തപ്പെടുന്നുണ്ട്. കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ നടത്തി മുന്നണി വിപുലീകരണ പ്രഖ്യാപനത്തിൽ പാലായിലെയും സമീപപ്രദേശങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. സംശയ നിഴലിൽ നിർത്താൻ ഉദ്ദേശിക്കുന്ന എംഎൽഎയോട് അനുഭവം ഉള്ളവരാണ് പാലായിലെയും, സമീപപ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം പ്രവർത്തകരും. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ എംഎൽഎയെ മോശക്കാരൻ ആക്കാൻ നടത്തുന്ന നീക്കം ആണോ എന്നും ചില കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

യുഡിഎഫ് മുന്നണിയിൽ നിന്ന് കേരള കോൺഗ്രസ് പുറത്തുപോയ വാർത്ത ഏറ്റവുമധികം ആവേശത്തോടെ കൂടി സ്വീകരിച്ചത് പാലായിലെ പരിസരത്തെയും കോൺഗ്രസ് പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈമെയ് മറന്ന് അവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. അവരുടെ അധ്വാനം ഫലം കാണുകയും ജോസ് കെ മാണിയെ നിലംപരിശാക്കി മാണി സി കാപ്പൻ വിജയിച്ചു കയറുകയും ചെയ്തു. അന്നുമുതൽ കാപ്പൻ ഇടതുപാളയത്തിലേക്ക് മടങ്ങും എന്ന പ്രചരണം പല അവസരങ്ങളിലും ഉയർന്നു വരുന്നുണ്ടായിരുന്നു.

ഇത് മാണി സി കാപ്പനെയും കോൺഗ്രസിനെയും തമ്മിലടിപ്പിച്ച് ഇരു വിഭാഗങ്ങളേയും ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ആണെന്ന് പ്രവർത്തകർ പലഘട്ടത്തിലും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മാണി സി കാപ്പൻ സ്വന്തമായി പാർട്ടി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാലായിൽ ഇപ്പോൾ യുഡിഎഫിലെ ഒന്നാം കക്ഷി എന്ന നിലയിൽ പ്രവർത്തനവും പ്രചാരണവും നടത്തി മുന്നേറുന്നത് കോൺഗ്രസാണ്. കോൺഗ്രസ് നടത്തുന്ന ഈ മുന്നേറ്റങ്ങൾ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത് കേരള കോൺഗ്രസ് പാളയങ്ങളിൽ ആണ്. പാലായിലെ കോൺഗ്രസ് നേതൃത്വം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന രാഷ്ട്രീയ മുദ്രാവാക്യം തന്നെ ജോസ് കെ മാണി വിരുദ്ധതയാണ്. ജനകീയ വിഷയങ്ങളിൽ ഇടപെട്ടും, സഭയുടെ നിലപാടുകളോട് ചേർന്നു നിന്നും പാലായിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.

Hot Topics

Related Articles