‌രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ നേതൃത്വത്തിൽ ഓണ്‍ലൈന്‍ ടാക്‌സിക്ക് തുടക്കമാകുന്നു ; ഓണ സമ്മാനമായി കേരള സവാരി കേരളത്തിന്റെ നിരത്തുകളിലെത്തും

തിരുവനന്തപുരം: ഓണ്‍ ലൈന്‍ ടാക്സി രംഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങി സംസ്ഥാന തൊഴില്‍ വകുപ്പ് . നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച്‌ കൊണ്ട് കേരള സവാരി എന്ന ഓണ്‍ലൈന്‍ ടാക്സി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിയിട്ടുള്ളത്.

Advertisements

ചിങ്ങം ഒന്നിന് സര്‍ക്കാരിന്റെ ഓണ സമ്മാനമായി കേരള സവാരി കേരളത്തിന്റെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്)ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നില്‍ കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്ബനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. നിലവിലെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കൂടുതല്‍ സവാരി കിട്ടുന്ന സാഹചര്യത്തില്‍ ആ നഷ്ടം സഹിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുകയാണ്. സ്റ്റാന്‍ഡുകളില്‍ നില്‍ക്കുന്നവര്‍ക്ക് പഴയപോലെ സവാരികള്‍ കിട്ടുന്നുമില്ല. സ്ഥിരം ടാക്‌സി സ്റ്റാന്‍ഡുകള്‍ പലതും അപ്രത്യക്ഷമായി. പലര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.കേരളസവാരിയില്‍ അത്തരം നിരക്ക് വര്‍ധനവ് ഉണ്ടാവുകയില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കാനും മറ്റുമായി ഉപയോഗപ്പെടുത്തും.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് കേരള സവാരി ആപ്പ്. സുരക്ഷാ മാനദണ്ഡങ്ങളില്‍ അങ്ങേയറ്റം കരുതലോടെയാണ് ആപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഡ്രൈവറുടെ രെജിസ്ട്രേഷന്‍ മുതല്‍ ഈ കരുതലിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പി സി സി ഉള്ളവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളു.

കൂടാതെ ആപ്പില്‍ ഒരു പാനിക് ബട്ടണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തില്‍ അപകടസാധ്യത തോന്നിയാലോ ഈ ബട്ടണ്‍ അമര്‍ത്താം. തീര്‍ത്തും സ്വകാര്യമായി ഒരാള്‍ക്ക് അത് ചെയ്യാനാവും. ഡ്രൈവര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ യാത്രക്കാരനോ യാത്രക്കാരന്‍ അത് ചെയ്താല്‍ ഡ്രൈവര്‍ക്കോ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹന വകുപ്പ് എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇനി ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കില്‍ ബട്ടണ്‍ അമര്‍ത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കില്‍ നേരിട്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലെക്ക് കണക്‌ട്ഡ് ആവും.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവര്‍ക്കും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാം. അകാരണമായുള്ള ക്യാന്‍സലേഷന് ചെറിയ തുക ഫൈന്‍ നല്‍കേണ്ടിവരും. പദ്ധതിയില്‍ അംഗങ്ങളാകുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഓയില്‍, വാഹന ഇന്‍ഷുറന്‍സ്, ടയര്‍,ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജന്‍സികളുമായി കരാറിലെത്തി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തും.

Hot Topics

Related Articles