കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിന്റെ നിർമ്മാണ ജോലികൾക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. ഉത്തർപ്രദേശ് സിദ്ധാനഗർ ഹല്ലൂർ മജ്ഹൗക്കാസ് രംഗലാലിൽ ധർമ്മേന്ദർ (34)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മറിയപ്പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപകരാർ നൽകിയിരുന്ന കരാറുകാരന്റെ തൊഴിലാളിയായിരുന്നു ധർമ്മേന്ദർ. രാവിലെയോടെയാണ് ഇയാൾ സീലിംങ് ജോലികൾക്കായി ഇവിടെ എത്തിയത്. ജോലികൾക്കിടെ ഇവിടെ നിന്നും ഇയാൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ധർമ്മേന്ദറിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ ജനറൽ ആശുപത്രി അധികൃതർ ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു. ചിങ്ങവനം പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കു ശേഷം നാട്ടിലേയ്ക്കു കയറ്റിയയക്കും.