തിരുവനന്തപുരം: രാജിവച്ച മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ഉറപ്പാക്കാൻ സർക്കാരിന്റെ കുറുക്കുവഴി. രാജി വച്ച മന്ത്രി സജി ചെറിയാന്റെ പഴ്‌സണൻ സ്റ്റാഫ് അംഗങ്ങളായി രാഷ്ട്രീയ നിയമനം ലഭിച്ച പത്തു പേരെയാണ് മറ്റു രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലേയ്ക്കു നിയമിച്ചത്. ഇതേ തുടർന്നു വിവിധ മേഖലയിൽ നിന്നും പ്രതിഷേധവും ശക്തമായിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ രാജിവച്ചത് സർക്കാരിന്റെ ഒന്നാം വാർഷിക സമയത്താണ്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിലുള്ള ആർക്കും പെൻഷൻ ലഭിക്കില്ല. മന്ത്രിയുടെ പഴ്‌സണൽ സ്്റ്റാഫിൽ രണ്ടു വർഷം പൂർത്തിയാകുന്നവർക്കു മാത്രമാണ് പെൻഷൻ അർഹതയുള്ളത്.
ഈ കുടുക്ക് മറികടക്കാനാണ് ഇപ്പോൾ സർക്കാർ വളഞ്ഞ വഴി തേടിയിരിക്കുന്നത്. 20 പേരായിരുന്നു മന്ത്രി സജി ചെറിയാന്റെ പഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇതേ തുടർന്നു മന്ത്രി രാജിവച്ചതോടെ സ്റ്റാഫിലെ പത്ത് സർക്കാർ ഉദ്യോഗസ്ഥരോട് അവരുടെ മാതൃ വകുപ്പുകളിലേയ്ക്കു മടങ്ങാൻ ആവശ്യപ്പെട്ടു. ഇവർ മടങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയ നിയമനം നേടിയ ബാക്കിയുള്ള പത്തു പേരോട് മന്ത്രി വി.അബ്ദു റഹ്‌മാന്റെയും, മുഹമ്മദ് റിയാസിന്റെയും സ്റ്റാഫിൽ കയറാൻ നിർദേശിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ, മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം 29 ആയി. മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫില്‍ 29 പേരെ നിയമിച്ചത്.