കോട്ടയം: പാമ്പാടി കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. റോഡരികിൽ പാർക്ക് ചെയ്ത മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അരുവിക്കുഴി അറയ്ക്കൽ ബിബീഷിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറരയോടെ കൂരോപ്പട മൂങ്ങാക്കുഴിയിലായിരുന്നു അപകടം.
ദീർഘദൂര ഓട്ടത്തിന് ശേഷം മടങ്ങിയെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു. കാർ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളെല്ലാം പൂർണമായും തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം ഏതാണ്ട് പൂർണമായും തടസപ്പെട്ടു. പോസ്റ്റ് ഒടിഞ്ഞതിന്റെ നഷ്ടപരിഹാരം കാർ ഉടമ വൈദ്യുതി വകുപ്പിൽ കെട്ടി വച്ചിട്ടുണ്ട്. ഇതേ തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും സ്ഥലത്ത് എത്തി.