തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയോടടുക്കുകയാണെന്നും മഴ തുടര്‍ന്നാല്‍ അണക്കെട്ടില്‍ എത്തുന്ന വെള്ളത്തിന്റെ അളവില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
‘അണക്കെട്ടില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റില്‍ നിലനിര്‍ത്താന്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാള്‍ കൂടുതല്‍ ജലം കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂറെങ്കിലും മുന്നറിയിപ്പു നല്‍കണം. എങ്കില്‍ മാത്രമേ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ.’ എന്നും – മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.