പന്തളം: നഗരസഭയിൽ അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഭരണസമിതിലെ തന്നെ ഒരു കൗൺസിലറെ അപമാനിച്ച നഗരസഭാ അദ്ധ്യക്ഷയെ മാറ്റാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. ബിജെപി പാർലമെന്ററി പാർട്ടി ലീഡറെയും മാറ്റും. വിഭാഗീയത രൂക്ഷമായ ഭരണ സമിതിയിൽ നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷും കൗൺസിലർ കെ വി പ്രഭയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ധ്യക്ഷയ്ക്കെതിരെ കടുത്ത കുറ്റങ്ങളാണ് ബിജെപി ജില്ലാ സംസ്ഥാന നേതൃത്വം കാണുന്നത്.
നാടിനും പാർട്ടിക്കും മുഴുവൻ അപമാനമായി നടത്തിയ തെറിയഭിഷേകം സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതാണ് ബിജെപി നേതൃത്വത്തെ നടപടിയെടുക്കാൻ നിർബന്ധിതരാക്കിയത്. പന്തളം പോലെയുള്ള ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല പ്രശ്നം എന്നതാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് സാധൂകരിക്കാൻ അധ്യക്ഷ ശ്രമിച്ചെങ്കിലും വീഡിയോയിൽ ഒന്നിലേറെത്തവണ അസഭ്യം ആവർത്തിക്കുന്നത് ന്യായീകരിക്കാനാവില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി ജില്ലാ സെക്രട്ടറിയും ഭരണ സമിതിയിലെ പാർലമെന്ററി പാർട്ടി ലീഡറും സീനിയറുമായ കെ വി പ്രഭയെ മറ്റുളള കൗൺസിലർമാരുടെ സാന്നിധ്യത്തിൽ അപമാനിച്ചു എന്നതും പ്രശ്നം രൂക്ഷമാക്കി. സംസ്ഥാന
നേതൃത്വത്തെപ്പോലും ധിക്കരിച്ച സുശീല സന്തോഷിന്റെ നിലപാടും നേതൃത്വത്തെ ഞെട്ടിച്ചു. പന്തളം നഗരസഭയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ സംസ്ഥാന നേതൃത്വത്തെയും അധ്യക്ഷ വെട്ടിലാക്കി. കെ വി പ്രഭ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇട്ട് അപമാനിച്ചു എന്ന് ആരോപിച്ച അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത് പാർട്ടിയോട് ആലോചിച്ച് നടപടികൾ ആലോചിക്കുമെന്നായിരുന്നു. എന്നാൽ പാർട്ടി ചർച്ചയ്ക്ക് വിളിച്ചിട്ട് പോകാതെ ധിക്കരിക്കുകയും ഒപ്പമുള്ള കൗൺസിലർമാരെയും പങ്കെടുപ്പിക്കാതെ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിച്ചെന്ന ധാരണ സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ വി പ്രഭയും ഒപ്പമുള്ളവരും യോഗത്തിൽ പങ്കെടുത്ത് അവരുടെ ഭാഗം ന്യായീകരിക്കുകയും ചെയ്തു. വിഭാഗീയതുടെ പേരിൽ കെ വി പ്രഭയ്ക്ക് പാർലമെന്ററി നേതൃത്വം നഷ്ടമായേക്കും.