വൈക്കം: രാത്രിമദ്യപിച്ചെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യത്തിൽ പൂജാരിയായ യുവാവിനെ യുവതിയുടെ ഭർത്താവ് വെട്ടി പരിക്കേൽപിച്ചു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം. യുവാവിന്റ വീടിനു താമസിക്കുന്ന യുവതിയോട് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് കയർത്ത് സംസാരിച്ചതെന്ന് പോലിസ് പറഞ്ഞു. പറവൂരിലെ ക്ഷേത്രത്തിലെ പൂജാരിയായ യുവാവ് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുന്നതിന് വരികയായിരുന്നു.
യുവതിയുടെ വീടിനു മുന്നിലെ വഴിയിലൂടെ വരുമ്പോൾ യുവതിയുടെ ഫോർട്ടു കൊച്ചിക്കാരനായ ഭർത്താവ് സിൽവസ്റ്റർ ഫെർണാണ്ടസ് മറ്റൊരാൾക്കൊപ്പമെത്തി വെട്ടുകയായിരുന്നു. തുടയ്ക്ക് പരിക്കേറ്റ യുവാവിനെ ചെമ്മനാകരി ഇൻഡോ-അമേരിക്ക ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിൽ പ്രവേശിപ്പിച്ചു. യുവാവിന്റ പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്ന് കടന്നുകളഞ്ഞ സിൽവസ്റ്റർ ഫെർണാണ്ടസിനെ സി ഐ കൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ പോലിസ് ഫോർട്ട് കൊച്ചിയിൽ നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സിൽവസ്റ്റർ ഫെർണാണ്ടസിന്റ കൂട്ടാളിക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.