കോട്ടയം: ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള നീക്കങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നപോരിനൊരുങ്ങി കാഞ്ഞിരപ്പള്ളി രൂപത. വിഷയത്തിൽ സർക്കാരിന് മെല്ലപ്പോക്കാണെന്ന് കാഞ്ഞിരപ്പളളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ തുറന്നടിച്ചു. എന്തുകൊണ്ടാണ് ഈ മെല്ലപ്പോക്കെന്ന കാര്യത്തിൽ സംശയമുണ്ട്. കോടതിയിൽ സമർപ്പിക്കാനുളള റിപ്പോർട്ട് തയാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏൽപ്പിച്ചതിൽ ആശങ്കയുണ്ട്. ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ 2019ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തത് സംശയാസ്പദമാണെന്നും ബിഷപ്പ് തുറന്നടിച്ചു.
ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിലും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്നാണ് കെ.സി.ബി.സിയുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംരക്ഷിത വനങ്ങൾക്ക് ചുറ്റും ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കിയുള്ള 2019 ലെ വിവാദ ഉത്തരവിലെ കുരുക്ക് മറികടക്കുന്നതിനായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതിയിൽ ഈ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് തിരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.