കോട്ടയം: പിന്നോക്കാവസ്ഥയിലുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിലൂടെയാണ് സ്വാതന്ത്ര്യം അർത്ഥ പൂർണ്ണമാകുന്നതെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്ക്കാരിക സിനിമ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും വിമുക്ത ഭടന്മാരെ ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിയ്ക്കായുള്ള പരിശ്രമങ്ങൾ തുടരണമെന്നും അതിനിടയിൽ ഉയർന്ന് വരുന്ന വിഭാഗിയ ചിന്തകളെ ചെറുത്ത് തോൽപ്പിച്ചുകൊണ്ട് ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയം സാക്ഷാത്ക്കരിക്കുവാൻ കൂട്ടായ ചുവടുവയ്പ്പുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ധീരരക്തസാക്ഷികൾ നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതയും ശ്രേയസ്സും ഉയർത്തിപ്പിടിക്കുവാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കോട്ടയം മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികര, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോട്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ റ്റി.സി റോയി, ഷൈനി ഫിലിപ്പ്, ഗവൺമെന്റ് പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവർത്തന മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ്റിയാറ് ഭടന്മാരെ മന്ത്രി വി.എൻ വാസവനും മാർ മാത്യു മൂലക്കാട്ടും ചേർന്ന് ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ചിന്തകളെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നൽകി. കോട്ടയം സേഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സ്വാശ്രയസംഘങ്ങളിൽ നിന്നായുള്ള അഞ്ഞൂറോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.