കൊച്ചി: ഓണത്തോടനുബന്ധിച്ച് ഹാൻടെക്സ് ഷോറൂമുകളിൽ പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്.
ഹാൻടെക്സ് ഷോറൂമുകളിൽ നിന്നു കൈത്തറി തുണിത്തരങ്ങൾ വാങ്ങുമ്പോൾ 20%മാണ് റിബേറ്റ്. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് തുണിത്തരങ്ങൾ വാങ്ങുമ്പോൾ 10% അധിക വിലക്കിഴിവും ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇ-ക്രെഡിറ്റ് പദ്ധതിയിൽ സർക്കാർ/ അർദ്ധ സർക്കാർ/പൊതുമേഖല/ബാങ്ക് ജീവനക്കാർക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയിൽ, സീറോ ഡൗൺപെയ്മെന്റിൽ തുണി വാങ്ങാം. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് മാസത്തവണകൾ അടയ്ക്കാം. ഇത്തരത്തിൽ തിരിച്ചടയ്ക്കുമ്പോൾ തിരിച്ചടവ് തുകയ്ക്കു വീണ്ടും തുണിത്തരങ്ങൾ വാങ്ങാനുമാകും.
കേരളത്തിലെ ഹാൻടെക്സിന്റെ 84 ഷോറൂമുകളിലും അപേക്ഷ ഫോം പൂരിപ്പിച്ച് നൽകി പദ്ധതിയിൽ ചേരാം. അങ്ങനെ ചേരുന്നവർക്ക് ഇ-ക്രെഡിറ്റ് കാർഡ് ലഭിക്കുകയും അതിലൂടെ റിട്ടയർമെന്റ് കാലംവരെ എപ്പോൾ വേണമെങ്കിലും തുണിത്തരങ്ങൾ വാങ്ങാനുമാകും. ഓണക്കാലത്തെ റിബേറ്റ് അടക്കം 40%വിലക്കിഴിവാണ് ആകെ ലഭിക്കുക. എറണാകുളം ബോട്ട്ജെട്ടിക്ക് എതിർവശത്തുള്ള ഹാൻടെക്സ് ഷോറൂമിന്റെ മുകൾ നിലയിൽ പുരുഷന്മാർക്കുള്ള പ്രത്യേക മെൻസ് വേൾഡ് ഷോറൂമും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മുതൽ സെപ്റ്റംബർ ഏഴ് വരെയാണ് വിലക്കിഴിവ്.
ഹാൻടെക്സ് മുദ്രയുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ഹാന്റ്ലൂം ഡയറക്ടറും ഹാൻടെക്സ് എം.ഡിയുമായ കെ.എസ്. അനിൽ കുമാർ പറഞ്ഞു