കൊല്ലം : കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി കാനം രാജേന്ദ്രന്. കേരളത്തിലെ സര്‍ക്കാരിനെതിരാണ് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും ഏജന്‍സികളും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പതാകയുടെ എണ്ണം വര്‍ധിപ്പിച്ചത് കൊണ്ട് ദേശീയ ബോധം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഹര് ഘര്‍ തിരംഗ പദ്ധതിക്കെതിരായ പരോക്ഷ വിമര്‍ശനമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു ഹിന്ദു മഹാസഭയും ആര് എസ് എസുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപട ദേശീയതയും ദേശാഭിമാന ബോധവും ഉയര്‍ത്തി ഇവര്‍ തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് പോലെ, രാജ്യത്തെ വിഭജിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമിച്ചു നില്‍ക്കാനാകുന്നില്ല. പ്രതിപക്ഷത്തിന്റെ അനൈക്യത്തിലാണ് മോദി വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എന്തെല്ലാം വിമര്‍ശനം ഉന്നയിച്ചാലും മനുഷ്യന്റെ മനസില്‍ പതിഞ്ഞതാണ് ഇടതുമുന്നണിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും ഏജന്‍സികളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെയാണ്. ഇങ്ങനെയൊരു പ്രതിപക്ഷമുണ്ടോ? എല്ലാത്തിനോടും നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കാനം പറഞ്ഞു.