മലപ്പുറം : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ. എം കെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും അദ്ദേഹം ചോദിച്ചു. ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടും. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോയെന്നും മുനീർ ചോദിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജെൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീർ പറഞ്ഞു.
ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.