ലണ്ടൻ: ബ്രിട്ടണിൽ പണപ്പെരുപ്പനിരക്ക് 40 വർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ജൂലൈയിൽ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്നു.10.1 ശതമാനമാണ് ജൂലൈയിലെ പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പനിരക്ക് കൂടാൻ കാരണം. വരുംദിവസങ്ങളിൽ ഇതിലും മോശം സാഹചര്യം രാജ്യം നേരിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് പണപ്പെരുപ്പനിരക്ക് ഇനിയും ഉയരാൻ കാരണമായേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഒക്ടോബറിൽ 13.3 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം.
പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് ബ്രിട്ടണിനെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്ക രേഖപ്പെടുത്തി. 2023 വരെ ഇത് നീണ്ടുനിൽക്കാനുള്ള സാധ്യതയും ബാങ്ക് തള്ളിക്കളയുന്നില്ല. പണപ്പെരുപ്പനിരക്ക് ഉയർന്നതോടെ വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.