സിനിമാക്കാർക്കിടയിൽ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും, മുൻ മേയർമാരുടെ വരെ ചിത്രം കുത്തിനിറയ്ക്കാൻ പ്രധാനപ്പെട്ടവരെ തഴഞ്ഞു:നഗരസഭക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഫുട് ഓവര്‍ ബ്രിഡ്‌ജ് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ തലസ്ഥാനത്തെ സാമൂഹിക – സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പലരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം.’അഭിമാനം അനന്തപുരി’ എന്ന പേരില്‍ തിരുവനന്തപുരം ലോകത്തിന്‌ സംഭാവന ചെയ്‌ത നവോത്ഥാന കലാസാംസ്‌കാരിക നായകരുടെ ചിത്രങ്ങളിലാണ് പ്രമുഖരില്‍ പലരും ഇടംനേടാതെപോയത്.സാഹിത്യരംഗത്ത് തലസ്ഥാനത്തിന്റെ മുഖമായിരുന്ന ഒ.എന്‍.വിയെയും സുഗതകുമാരിയെയും അഭിമാനം അനന്തപുരിയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തുനിഞ്ഞില്ല. മാദ്ധ്യമരംഗത്തെ കുലപതിയായ പത്രാധിപര്‍ കെ.സുകുമാരന്‍, വാഗ്മിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.ബാലകൃഷ്‌ണന്‍, മുന്‍ തിരു – കൊച്ചി മുഖ്യമന്ത്രി സി.കേശവന്‍, മുന്‍ മന്ത്രി കെ.പങ്കജാക്ഷന്‍, ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ട മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ പി.സുബ്രഹ്മണ്യം, കായിക കേരളത്തിന്റെ അഭിമാനമായ ജി.വി. രാജ, രാജവാഴ്‌ചയ്‌ക്കെതിരെ പോരാടിയ കെ.സി.എസ് മണി,സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവരും ഫുട് ഓവര്‍ ബ്രിഡ്‌ജിലെ ചിത്ര ഗാലറിയില്‍ നിന്ന് പുറത്തായി. ഇനിയും പല മേഖലയിലെയും പ്രമുഖര്‍ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടും.തിരുവനന്തപുരത്ത് ജനിച്ചവരല്ലെന്ന ഒറ്റ കാരണം പറഞ്ഞാണ് തലസ്ഥാനം കര്‍മ്മമണ്ഡലമാക്കിയ പലരെയും നഗരസഭ മാറ്റിനിറുത്തിയത്. അതേസമയം, പത്തനംതിട്ടയില്‍ ജനിച്ച നടന്‍ മോഹന്‍ലാലിനെ എന്ത് മാനദണ്ഡത്തിലാണ് തിരുവനന്തപുരത്തുകാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് മറുചോദ്യം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്ബിസ്വാമി എന്നിവരുടെ ചിത്രങ്ങളും, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്നിവരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് സിനിമാക്കാര്‍ക്കിടയിലാണ്. നഗരസഭ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി വേണ്ട മാറ്റം വരുത്തണമെന്നാണ് ആവശ്യം.മേയര്‍ ആര്യാ രാജേന്ദ്രന്‍,മുന്‍ മേയര്‍മാരായ വി.കെ. പ്രശാന്ത്, കെ.ശ്രീകുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പ്രമുഖരായ മുന്‍ മേയര്‍മാരെല്ലാം തഴയപ്പെട്ടു. ഫുട് ഓവര്‍ ബ്രിഡ്‌ജിന്റെ നിര്‍മ്മാണം നടക്കുന്ന കാലയളവിലെ മേയര്‍മാരെയാണ് ഉള്‍പ്പെടുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

Advertisements

Hot Topics

Related Articles