സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് വ്യാഴാഴ്ച കൊടി ഉയരും; ഒരുക്കങ്ങൾ പൂർത്തിയായി

കൊച്ചി: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനം 25 മുതൽ 28വരെ ഏലൂരിൽ നടക്കും. സമ്മേളനത്തിനു മുന്നോടിയായി പതാക-കൊടിമര-ബാനർ-ദീപശിഖാ ജാഥകൾ 26ന് വൈകിട്ട് 4.30ന് സമ്മേളന നഗറിലെത്തും. മൺമറഞ്ഞ നേതാക്കളുടെ ഛായചിത്രങ്ങളുമായുള്ള സ്മൃതി ജാഥകളും ഇവിടെ എത്തിച്ചേരും.

Advertisements

കൊടിമരം പി. നവകുമാറും പതാക കെ.കെ. അഷ്‌റഫും ബാനർ കെ.കെ. സുബ്രഹ്മണ്യനും ഏറ്റുവാങ്ങും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ എം.ടി. നിക്‌സൺ പതാക ഉയർത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. സുനിൽ പി. ഇളയിടം, സംവിധായകൻ വിനയൻ, ഇ.എ. രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷനാകും.

27ന് ഏലൂർ ടൗൺ ഹാളിലാണ് പ്രതിനിധി സമ്മേളനം. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ദീപശിഖ തെളിയിക്കലും 10ന് പതാക ഉയർത്തലും നടക്കും. 10.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ബിനോയ് വിശ്വം എം.പി, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കും. 311 പ്രതിനിധികൾ പങ്കെടുക്കും.

28ന് പ്രതിനിധി സമ്മേളനം തുടരും. മന്ത്രി ജെ. ചിഞ്ചുറാണി, മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ, സംസ്ഥാന നേതാക്കളായ സി.എൻ. ജയദേവൻ, എ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുതിയ ജില്ലാകമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതോടെ സമ്മേളനത്തിന് തിരശീല വീഴും.

25ന് വൈകിട്ട് അഞ്ചിന് പാതാളം ജംഗ്ഷനിൽ കവിയരങ്ങും, 27ന് വൈകിട്ട് നാടൻപാട്ട് പരിപാടിയും നടക്കും.

പാർട്ടി അംഗത്വം വർദ്ധിച്ചു: പി. രാജു

കഴിഞ്ഞ സമ്മേളന കാലയളവിനേക്കാൾ പാർട്ടി അംഗത്വം വർദ്ധിച്ചെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. 2,500ലേറെപ്പേർ പുതുതായി അംഗത്വമെടുത്തു. 363 പുതിയ ബ്രാഞ്ചുകൾ രൂപീകരിക്കപ്പെട്ടതോടെ ബ്രാഞ്ചുകളുടെ എണ്ണം 1,436 ആയി ഉയർന്നു.

സി.പി.എമ്മിൽ നിന്ന് സി.പി.ഐയിലേക്ക് ആളെ എത്തിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന ആരോപണം തെറ്റാണ്. സി.പി.എമ്മിൽ നിന്ന് പുറത്തേക്ക് പോകുന്നവർ ബി.ജെ.പിയിലോ കോൺഗ്രസിലോ ചേക്കേറരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അവരെ സി.പി.ഐ ഒപ്പം ചേർക്കുന്നതെന്നും പി. രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, ജില്ലാ സമ്മേളന സംഘാടക സമിതി ചെയർമാൻ എം.ടി. നിക്സൺ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles