കോട്ടയം വൈക്കം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പ് കെണിയിൽ കുടുക്കി കൊച്ചിയിലെത്തിച്ച് തട്ടിപ്പ് ; പണവും ആഭരണവും തട്ടിയെടുത്ത് ക്രൂരമായ മർദനം : മൂന്നംഗ സംഘം പിടിയിൽ

കൊച്ചി : സ്നേഹം നടിച്ച് ലോഡ്ജിൽ വിളിച്ചുവരുത്തിയശേഷം യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ ഹണി ട്രാപ്പ് സംഘം അറസ്റ്റിലായി.  ഈ മാസം ആദ്യവാരം എറണാകുളം ഹോസ്പിറ്റൽ റോഡിലെ ലോഡ്ജിൽ,  വൈക്കം സ്വദേശിയായ യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്തു കവർച്ച നടത്തിയ  കൊല്ലം തഴുത്തല  സ്വദേശികളായ  ഹസീന,  ജിതിൻ J, കൊറ്റങ്കര നിവാസി അൻഷാദ് എന്നിവരെയാണ്  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്‌. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

തൃപ്പൂണിത്തുറയിൽ ഹോംനേഴ്സിംഗ് സർവീസ് നടത്തുന്ന പരാതിക്കാരനെ ജോലി വേണമെന്ന വ്യാജേനയാണ് പ്രതിയായ ഹസീന സമീപിച്ചത്.  തുടർന്ന് പരാതിക്കാരൻ ചില സ്ഥലങ്ങളിൽ ജോലിയുണ്ട് എന്ന  വിവരം വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെ  കൈമാറി.  വാട്സാപ്പ് മെസ്സേജുകൾ സ്ഥിരമായതിനെത്തുടർന്ന്  പ്രതി സ്നേഹം നടിച്ച് പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയച്ചു.   പരാതിക്കാരൻ ഓൺലൈനിൽ പണം അയക്കാം എന്നറിയിച്ചെങ്കിലും ലോൺ കുടിശ്ശിക ബാങ്കുകാർ പിടിക്കുമെന്നും ലോഡ്ജിലെത്തിച്ചാൽ  നേരിട്ട് കാണുകയുമാകാം എന്ന് യുവാവിനെ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ഹസീന പറഞ്ഞതനുസരിച്ച് പരാതിക്കാരൻ ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ എത്തി. പരാതിക്കാരൻ റൂമിൽ എത്തിയപ്പോൾ  ഹസീന  അയാളെ തന്റെ കട്ടിലിൽ ഇരുത്തി ലോഹ്യം പറഞ്ഞിരുന്ന  സമയം മറ്റു പ്രതികളായ ഹസീനയുടെ ഭർത്താവ് ജിതിനും, സുഹൃത്തുക്കളായ അൻഷാദും , അനസും റൂമിലേക്ക് ഇടിച്ചു കയറി, പരാതിക്കാരനെ കസേരയിൽ കെട്ടിയിട്ട ശേഷം വായിൽ തോർത്ത്  തിരുകി  മർദ്ദിച്ചു.  പരാതിക്കാരന്റെ  മാല, കൈ ചെയിൻ,  മോതിരം എന്നിവ ഊരിയെടുത്തു. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന  മുപ്പതിനായിരം രൂപയും  കവർച്ച ചെയ്തു. പ്രതിയായ ഹസീന  പരാതിക്കാരനെ ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി എടിഎം  കാർഡ് കൈവശപ്പെടുത്തി 10000 രൂപ  പിൻവലിച്ചു .കൂടാതെ പ്രതിയായ അൻഷാദ് പരാതിക്കാരന്റെ മൊബൈൽ ഫോൺ കൈവശപ്പെടുത്തി മറിച്ചു വിറ്റു. അതിനുശേഷം  ഹസീന 15,000 രൂപ ഗൂഗിൾ പേ വഴിയും  പരാതിക്കാരനെ കൊണ്ട് ഭീഷണിപ്പെടുത്തി അയപ്പിച്ചു

‘വിവരം പുറത്തു പറഞ്ഞാൽ  ഫേസ്ബുക്കിൽ ഇട്ടു നാറ്റിക്കും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ   പരാതിക്കാരൻ ആദ്യം ഭയന്നെങ്കിലും പിന്നീട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികൾ പിടിയിലായി.  മറ്റൊരു പ്രതിയായ അനസ്   ഇപ്പോഴും ഒളിവിൽ ആണ്.

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ  കെ പി അഖിൽ,  എസ് ഐ സേവ്യർ, ലാൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ്, മനോജ് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.

Hot Topics

Related Articles