കോട്ടയം: കോട്ടയത്തെ ലോട്ടറി വിൽപ്പനക്കാർ ഒന്ന് ശ്രദ്ധിക്കുക. കോട്ടയത്ത് ലോട്ടറി തട്ടിപ്പുകാരൻ കളത്തിലിറങ്ങിയിട്ടുണ്ട്. നഗരത്തിൽ ലോട്ടറി തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ രംഗത്തിറങ്ങിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ കോട്ടയം മറിയപ്പള്ളിയിൽ ലോട്ടറി കച്ചവടക്കാരനായ വയോധികന് നമ്പർ തിരുത്തിയ ലോട്ടറി നൽകി തട്ടിയെടുത്തത് 6000 രൂപയാണ്. ഇയാളുടെ കയ്യിൽ ഇനി മുപ്പതിലേറെ ടിക്കറ്റുകളും ബാക്കിയിടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പിന് ലക്ഷ്യമിട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം മറിയപ്പള്ളി എസ്.എൻ.ഡി.പിയ്ക്കു സമീപമായിരുന്നു സംഭവം. മറിയപ്പള്ളി മുട്ടം മേച്ചേരിൽ ബാബു എം.കെ എന്ന ലോട്ടറി വിൽപ്പനക്കാരനാണ് തട്ടിപ്പിന് ഇരയായത്. ഇദ്ദേഹം രാവിലെ എട്ടു മണിയോടെയാണ് ലോട്ടറിയുമായി കച്ചവടത്തിന് ഇറങ്ങുന്നത്. ശനിയാഴ്ച രാവിലെ മറിയപ്പള്ളി എസ്.എൻ.ഡി.പിയ്ക്കു സമീപത്ത് ലോട്ടറിയുമായി നടക്കുന്നതിനിടെ, മുട്ടം ഭാഗത്തു നിന്നും സ്കൂട്ടറിൽ ഒരാൾ എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോട്ടറി വിൽക്കാനുണ്ടോ എന്ന് ചോദിച്ച ഇയാളെ ബാബു ലോട്ടറി ടിക്കറ്റുകൾ കാണിക്കുന്നതിനിടെ സമ്മാനം അടിച്ച ടിക്കറ്റ് മാറി നൽകുമോ എന്ന് ചോദിച്ചു. ഇതിനു ശേഷം ഇയാൾ കയ്യിലുണ്ടായിരുന്ന 35 ടിക്കറ്റുകൾ പുറത്ത് എടുത്തു. 12 ടിക്കറ്റ് ബാബുവിന് നൽകാമെന്നും അറിയിച്ചു. എന്നാൽ, അത്രയും തുക കയ്യിലില്ല എന്നു പറഞ്ഞ ബാബു ആറു ടിക്കറ്റിന്റെ പണവും കുറച്ച് ടിക്കറ്റുകളും നൽകി. ഈ ടിക്കറ്റും പണവുമായി പ്രതി സ്ഥലം വിട്ടു.
ഇതേ തുടർന്നു ബാബു സമ്മാനാർഹമായ ടിക്കറ്റുകളുമായി ഏജൻസി ഓഫിസിൽ എത്തിയപ്പോഴാണ് നമ്പർ തിരുത്തിയ ടിക്കറ്റുകളാണ് നൽകിയത് എന്നു തിരിച്ചറിഞ്ഞത്. തുടർന്നു ബാബു ഇയാൾ പറഞ്ഞ വിലാസത്തിൽ എത്തി അന്വേഷണം നടത്തി. എന്നാൽ, മറിയപ്പള്ളിയിൽ ഈ വിലാസത്തിൽ ഒരാൾ താമസിക്കുന്നതേയില്ലെന്നും കണ്ടെത്തി. സംഭവത്തിൽ പരാതി നൽകുമെന്നു ബാബു പറഞ്ഞു.