സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പന്ന വിൽപ്പന; കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മൊത്തവിതരണക്കാരൻ പിടിയിൽ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ മൊത്തവിതരണക്കാരൻ പിടിയിൽ. ഇയാളുടെ വാഹനത്തിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം പലമ്പ്ര പട്ടാണിപ്പറമ്പിൽ യൂസിഫിനെയാണ് (49)കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിന്റോ പി.കുര്യനും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിമുക്ത സംഘവും ചേർന്നു പിടികൂടിയത്.

Advertisements

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ വന്ന വാഹനത്തിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി എസ്.ഐ അരുൺ തോമസ്, ഗ്രേഡ് എസ്.ഐ ബിനോയ്, ഗ്രേഡ് എസ്.ഐ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ റോഷ്‌ന, സിവിൽ പൊലീസ് ഓഫിസർ ബോബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles