കുമരകം : തോരാതെ പെയ്യുന്ന മഴയും കാറ്റും ഒപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും കനത്തതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളത്തിലായി. അയ്മനം , തിരുവാർപ്പ് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 13ാം വാർഡിൽ വീട് ഇടിഞ്ഞു വീണത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. ചുങ്കത്തിൽ വീട്ടിൽ അജിയുടെ വീടാണ് ഇടിഞ്ഞു വീണത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
വെള്ളക്കെട്ടിൽ നിന്ന ഭിത്തികൾ ഇടിഞ്ഞ് വീടിന്റെ മേൽക്കൂര നിലംപൊത്തി. വീട്ടിനുള്ളിൽ വിശ്രമിച്ചിരുന്ന അജിയുടെ സഹോദരൻ സജി വീടിന് പുറത്തേയ്ക്ക് ഇറങ്ങിയതിന് പിന്നാലെയാണ് അപകടം നടന്നത്. അപകട സമയത്ത് മകൻ ആകാശ് , അജി എന്നിവർ വീടിന് വെളിയിൽ ആയിരുന്നു.
വെള്ളപ്പൊക്ക ഭീതിയിൽ പ്രായമായ അമ്മ ശാന്തമ്മയെ തിങ്കളാഴ്ച ബന്ധുവീട്ടിലേയ്ക്ക് മാറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ ഫ്രിഡ്ജ്, ടിവി തുടങ്ങിയ വീട്ട് ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു.
മഴ തോരാതെ പെയ്താൽ കുമരകവും വെള്ളത്തിലാകും. തോടുകളും ചെറു ജലാശയങ്ങളും കരയ്ക്കൊപ്പമാണ് ഒഴുകുന്നത്. കിഴക്കൻ വെള്ളത്തിന്റെ വരവിൽ ഒഴുക്ക് ശക്തമായാൽ വലിയ തോതിൽ കൃഷിനാശവും മറ്റ് മഴക്കെടുതികൾക്കും സാധ്യതയേറെയാണ്.