പാമ്പാടി : ശതാബ്ദി ആഘോഷ നിറവിൽ പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് . 1924 ൽ സ്ഥാപിതമായ ബാങ്കിന്റെ 3 വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് പാമ്പാടി കുറ്റിക്കലിലെ ഹെഡ് ഓഫീസിൽ തുടക്കമായി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷനായി. 25 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
ബാങ്ക് പുതിയതായി ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ നിർവഹിച്ചു. സ്ഥാപക സഹകാരികളുടെ കുടുംബാംഗങ്ങളെ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണനും , ഉന്നത വിജയം നേടിയ സ്കൂളുകളെ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി എം മാത്യുവും , മുതിർന്ന സഹകാരിയെ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബുവും മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ബാങ്കിന്റെ കീഴിൽ 5 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. റബ്കോ ഫാക്ടറിയുടെ ഔട്ട്ലെറ്റ് , നീതി സ്റ്റോറുകൾ , വളം ഡിപ്പോ , നീതി മെഡിക്കൽ സ്റ്റോർ , ബാങ്ക് രക്ഷാകർതൃത്തിൽ പ്രവർത്തിക്കുന്ന സഹൃദയ ഗ്രന്ഥശാല തുടങ്ങി വൈവിധ്യങ്ങളായ സേവനങ്ങൾ ബാങ്കിലുടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. 21959 അംഗങ്ങളും 150 കോടി നിക്ഷേപവും 99 കോടി വായ്പയുമുള്ള ബാങ്ക് നിലവിൽ ജില്ലയിലെ ഏറ്റവും മികച്ച ബാങ്കിന്റെ അവാർഡ് നേടിയിരുന്നു. യോഗത്തിൽ ബാങ്ക് ഭരണ സമിതി അംഗങ്ങൾ വിവിധ സഹകാരികൾ എന്നിവർ പങ്കെടുത്തു.