കോട്ടയം: മദ്യപാനികളും അക്രമികളും ജില്ലാ ജനറൽ ആശുപത്രിയിൽ അഴിഞ്ഞാടിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ജില്ലാ ജനറൽ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ കണ്ണടിച്ചിട്ട് ഒരു വർഷത്തിലേറെയായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നതേയില്ല. സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന അക്രമികളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പൊലീസിന്. ഇതിനിടെയാണ് സിസിടിവി ക്യാമറകളും കണ്ണടച്ചിരിക്കുന്നത്.
ജില്ലാ ജനറൽ ആശുപത്രിയിൽ മോഷണവും തട്ടിപ്പും സജീവമായതോടെയാണ് ആശുപത്രിയിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ, ഈ ക്യാമറകൾ പ്രവർത്തിക്കുന്നതേയില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തിരക്കുള്ള ദിവസങ്ങളിൽ മദ്യപിച്ചെത്തുന്നവരാണ് പ്രധാന പ്രശ്‌നമുണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ ഏറ്റവും വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഇവർ തന്നെയാണ്. ഡോക്ടർമാർക്കും, ജീവനക്കാർക്കും നേരെ ആക്രമണത്തിന് എത്തുന്നതും തട്ടിക്കയറുന്നതും ആശുപത്രിയിൽ പതിവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു കൂടാതെയാണ് മോഷണത്തിനായി ആശുപത്രിയിൽ തമ്പടിക്കുന്ന മോഷണ സംഘങ്ങൾ. ആശുപത്രിയിൽ ക്യാമറ സ്ഥാപിച്ചതിനാൽ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, വീണ്ടും ഇപ്പോൾ അതേ സംഘങ്ങൾ വീണ്ടും സജീവമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ ക്യാമറ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ അടിയന്തിരമായി സുരക്ഷ ഉറപ്പാക്കുന്നതിനു ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.