കീവ് : ദിവസങ്ങൾക്കകം യുക്രെയിനെ കീഴടക്കാമെന്ന് വീരവാദം മുഴക്കിയ റഷ്യയ്ക്ക് ആറ് മാസം കഴിഞ്ഞിട്ടും യുദ്ധത്തിൽ നിർണായക ജയം നേടാൻ കഴിഞ്ഞിട്ടില്ല. ഒരു കുഞ്ഞു രാജ്യത്തിന് മുന്നിൽ പതറുന്ന പുട്ടിന്റെ ആത്മവിശ്വാസം തകർത്തിരിക്കുകയാണ് ഒരു യുക്രെനിയൻ പൗരൻ. റഷ്യയുടെ കരുത്തിന്റെ അടയാളമായ സുഖോയ് 34 ജെറ്റിനെ വെറും ഒരു വെടിയുണ്ടയാൽ വീഴ്ത്തിയാണ് യുക്രെയിൻ കരുത്തു കാട്ടിയത്. പെൻഷൻ പറ്റി വാർദ്ധക്യജീവിതം നയിക്കുന്ന വലേരി ഫെഡോറോവിച്ച് എന്നയാളാണ് തന്റെ റൈഫിൾ ഉപയോഗിച്ച് റഷ്യൻ യുദ്ധവിമാനത്തെ വീഴ്ത്തിയത്. 74 മില്യൺ പൗണ്ട് വിലയുള്ളതാണ് സുഖോയ് 34.
റഷ്യൻ വിമാനം റൈഫിൾ ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയ വൃദ്ധന് വീരപരിവേഷമാണ് ഇപ്പോഴുള്ളത്. ഈ നേട്ടത്തിന് രാജ്യം മെഡൽ നൽകിയാണ് ഇദ്ദേഹത്തെ ആദരിച്ചത്. യുദ്ധവീരൻ എന്ന പട്ടവും സമ്മാനിച്ചു. ശത്രുവിമാനം ചെർണിവിൽ തലയ്ക്കു മുകളിലൂടെ പറന്നപ്പോഴാണ് വലേരി ഫെഡോറോവിച്ച് വെടിയുതിർത്തത്. വെടികൊണ്ട വിമാനം താഴേക്ക് പതിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ‘പൊട്ടിത്തെറിച്ച’ ജെറ്റിന്റെ അവശിഷ്ടങ്ങളിൽ ചിലത് അദ്ദേഹം തന്റെ ഗാരേജിൽ സൂക്ഷിക്കുന്നുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം യുദ്ധം ആറാം മാസത്തിലേക്ക് കടക്കുമ്ബോൾ റഷ്യ കിതയ്ക്കുകയാണ്. റഷ്യൻ സൈന്യം കയ്യേറിയ പല ഗ്രാമങ്ങളും ഇപ്പോൾ യുക്രെയിൻ സൈന്യം തിരിച്ചുപിടിക്കുകയാണ്. റഷ്യൻ സൈന്യം പിടിച്ചെടുത്ത കെർസൺ മേഖലയാണ് അടുത്തിടെ യുക്രെയിൻ സൈന്യം തിരികെ നേടിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് റഷ്യ ഇവിടെ അധികാരം നേടിയത്. ഈ പ്രദേശങ്ങൾ ഏറ്റെടുത്തതിന് വോളോഡിമർ സെലെൻസ്കി തന്റെ സൈന്യത്തിന് നന്ദി പറഞ്ഞു.