ആലപ്പുഴയിൽ പൂച്ചയുടെ കടിയേറ്റ് പേവിഷബാധയേറ്റ വയോധികൻ മരിച്ചു; ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത്

ആലപ്പുഴ: പൂച്ചയുടെ കടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കുടുംബത്തിന്റെ പരാതി. ആലപ്പുഴ പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതിനു ശേഷം ആരോഗ്യം മോശമാകുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിക്കുകയായിരുന്നു.

Advertisements

ഓഗസ്റ്റ് 21ന് ആണു ശശിധരനു പൂച്ചയുടെ കടിയേറ്റത്. വല്യതോട് മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു കടിയേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂർ നിരീക്ഷിച്ച ശേഷം ശശിധരനെ തിരിച്ചയച്ചു. തുറവൂരിൽ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു. സ്ഥിതി മെച്ചപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകളും ഒട്ടേറെത്തവണ സ്‌കാനിങ്ങും നടത്തി. 7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. മരണകാരണം അധികൃതർ വ്യക്തമാക്കാത്തതിനെതിരെയാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Hot Topics

Related Articles