തിരുവല്ല: തോട്ടഭാഗത്ത് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു. അപകടം നടന്ന ദിവസം തന്നെ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശികളായ ബീരാൻ രാജ്( 44), മിഥുൻ ( 30 ) എന്നിവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ ഇരവിപേരൂർ മേപ്രത്ത് വീട്ടിൽ മോഹൻ കുമാർ ( 56) അപകട ദിവസം തന്നെ മരിച്ചിരുന്നു.
സെപ്റ്റംബർ അഞ്ച് തിങ്കളാഴ്ചയായിരുന്നു അപകടം. തിരുവല്ല ടി കെ റോഡിലെ തോട്ടഭാഗത്താണ് അപകടം ഉണ്ടായത്. ഇടറോഡിൽ നിന്നും കയറിയെത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിലൂടെ വന്ന സ്വകാര്യ ബസുമായി കൂട്ടിയടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന സ്വകാര്യ ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.