റാന്നി: ഓണാഘോഷത്തിനിടെ മൈക്ക് സെറ്റ് കേടാക്കി. അതു ചോദിച്ചതിന് ചോദ്യം ചെയ്തയാൾക്കും മറ്റൊരാൾക്കും മർദ്ദനത്തിൽ പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അത്തിക്കയം കുടമുരുട്ടി ഉന്നത്താനി പാറക്കൽ വീട്ടിൽ സുകേശന്റെ മകൻ ഗിരീഷ് സുകേശൻ (24), ഉന്നത്താനി പാറക്കൽ വീട്ടിൽ അജികുമാറിന്റെ മകൻ അജേഷ് (23) എന്നിവരെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ന് ഉന്നത്താനിയിലാണ് സംഭവം. ഓണാഘോഷത്തിൽ പ്രവർത്തിപ്പിച്ച മൈക്ക് സെറ്റ് കേടാക്കിയത് ചോദ്യം ചെയ്ത അത്തിക്കയം കുടമുരുട്ടി തോണിക്കടവ് ചരിവുപറമ്പിൽ എബ്രഹാം മത്തായി മകൻ സാബു സി എബ്രഹാ(53)മിനും, ഉന്നത്താനി നെടുംതാനത്ത് വീട്ടിൽ മോനായി മകൻ മനോജിനുമാണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റത്. സലാം കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മൈക്ക് സെറ്റ്. ഒരു കടയുടെ വരാന്തയിലിരുന്ന്, അഴിച്ചുവച്ച മൈക്ക് ശരിയാക്കിക്കൊണ്ടിരുന്ന സാബുവിനെ ഒന്നാം പ്രതി ഗിരീഷ് ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നു. ആസമയം അവിടേക്ക് കയറിവന്ന മനോജിന്റെ തലയിലാണ് അടിയേറ്റത്. വലതുചെവിക്കു മുകളിലായി മുറിവേറ്റു, സാബു എഴുന്നേൽക്കവേ അയാളുടെ തലയ്ക്കും അടിച്ചു, ഇടതു ചെവിയുടെ മുകളിലായി മുറിവേൽക്കുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താഴെവീണപ്പോൾ രണ്ടുപ്രതികളും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളും ചേർന്ന് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. തടസ്സം പിടിച്ച സുബിൻ, സനു എന്നിവർക്കും മർദ്ദനമേറ്റു. സാബുവും മനോജും ചികിത്സയിൽ കഴിയുന്ന റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയ പോലീസ് സാബുവിന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുമ്പ് പൈപ്പ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. പ്രതികളുടെ ആക്രമണത്തിൽ ട്രോഫി, തടിക്കസേര, ആംപ്ലീഫയർ, മിക്സർ, മൈക്രോഫോൺ എന്നിവ നശിപ്പിച്ചതിൽ 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പറയപ്പെടുന്നു. റാന്നി ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നിർദേശത്തെതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നും രണ്ടും പ്രതികളെ സംഭവസ്ഥലത്തുനിന്നും പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്ത ഇരുവരെയും റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്പെക്ടർ രാജിവ് കുമാർ യു, എസ്ഐ രവീന്ദ്രൻ നായർ വി കെ, എ എസ്ഐ മാരായ റെജിതോമസ്, അച്ഛൻകുഞ്ഞ്, സി പി ഓമാരായ വിനീഷ്, അരുൺ, ആർജ്ജുൻ, ശ്രീജിത്ത്, ശരത്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്.