കട്ടപ്പന: ഇടുക്കി കോട്ടയം ജില്ലകളിൽ വിവിധ ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ. ഇടുക്കി ചെന്നാക്കുളം കരുണാപുരം കല്ലോലിയിൽ വീട്ടിൽ ബിജു ചാക്കോ ( റോയ് ചാക്കോ 36), അന്യർതൊളു കൊല്ലംപറമ്പിൽ വീട്ടിൽ സജി കെ എസ്( 48) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് നാലിനു തൂക്കുപാലത്തും, പതിനാലിന് കുമളിയിലും ബീവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചിരുന്നു. തുടർന്നു, കഴിഞ്ഞ 26 ന് മുണ്ടക്കയത്തുള്ള ബീവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മദ്യം മോഷണം നടത്തി. ഇവിടെ നിന്നും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടും യാതൊരുവിധ തെളിവും ലഭിച്ചിരുന്നില്ല. തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ആണെന്ന് സംശയിക്കുന്നവരെ പറ്റി രഹസ്യ അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ വിവരം ലഭിച്ച പ്രതികൾ തങ്ങളെ അന്വേഷിക്കും എന്ന് ഭയന്ന് ഇടുക്കി എഴുകുംവയലിൽ ഉള്ള പ്രതികളുടെ പരിചയക്കാരന്റെ വീട്ടിൽ ഒളിച്ചു താമസിച്ച് വരവേ ആണ് പ്രതികളെ രണ്ടു പേരെയും പൊലീസ് സംഘം പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ്.ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ, സിനോജ് പി. ജെ, ടോണി ജോൺ, സിവിൽ പൊലീസ് ഓഫിസർ അനീഷ് വി കെ എന്നിവർ ചേർന്ന് അതി സാഹസികമായാണ്. പിടികൂടിയത് പ്രതികൾ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ മറ്റു ജില്ലകളിൽ ചെയ്തിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അറിയിച്ചു പ്രതികളെ കുമളി പോലീസിന് കൈമാറി.