വിൻദോക്: എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കിയ ബി747 ജംബോ ജെറ്റ് നമീബിയയുടെ തലസ്ഥാനമായ വിൻദോകിൽ എത്തിച്ചേർന്നു. 1952ൽ ഇന്ത്യയിൽ ചീറ്റകളുടെ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇവയെ രാജ്യത്ത് എത്തിക്കുന്നത്.
വിമാനം എത്തിയതായി നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് അറിയിച്ചത്. കടുവയുടെ നാട്ടിലേക്ക് ഗുഡ്വിൽ അംബാസഡർമാരെ കൊണ്ടുപോകാൻ ധീരന്മാരുടെ നാട്ടിൽ ഒരു പ്രത്യേക പക്ഷി സ്പർശിക്കുന്നു എന്ന അടിക്കുറിപ്പോടെ വിമാനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൈക്കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവയുടെ ചിത്രമുള്ള വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിൽ എത്തുന്നത്. 16 മണിക്കൂർ വരെ പറക്കാൻ ശേഷിയുള്ള അൾട്രാ ലോംഗ് റേഞ്ച് ജെറ്റാണ് ഈ വിമാനം. അതിനാൽ നമീബിയയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ സ്റ്റോപ്പുണ്ടാകില്ല. വിമാനത്തിന്റെ പ്രധാന ക്യാബിനിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലായിരിക്കും ചീറ്റകളെ സൂക്ഷിക്കുക. സദാസമയവും മൃഗഡോക്ടറുടെ സേവനവും ഉണ്ടാവും.
അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയുമാണ് കൊണ്ടുവരുന്നത്. നമീബിയയിൽ നിന്നും എത്തുന്ന ചീറ്റകൾ വിശന്ന് വലഞ്ഞാവും ഇന്ത്യയിൽ എത്തുക. കാരണം ഇവയെ ഒഴിഞ്ഞ വയറോടെയാവും യാത്ര ചെയ്യിപ്പിക്കുന്നത്. യാത്രയ്ക്കിടെ മുൻകരുതലെന്ന നിലയിൽ മൃഗങ്ങളിലുണ്ടാകുന്ന ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ആദ്യം ജയ്പൂരിൽ എത്തുന്ന ചീറ്റകൾക്ക് ഒരു മണിക്കൂർ കൂടി യാത്ര ചെയ്തെങ്കിൽ മാത്രമേ ഭോപ്പാലിലെ കുനോപാൽപൂർ ദേശീയോദ്ധ്യാനത്തിൽ എത്താനാവുകയുള്ളൂ. സെപ്തംബർ 17ന് അതിരാവിലെ നമീബിയയിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനം ചീറ്റകളുമായി രാജസ്ഥാനിൽ എത്തും. ഇവിടെ നിന്നും ഹെലികോപ്ടറിലാവും ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇവയെ എത്തിക്കുക. ചീറ്റകളെ ആദ്യം ക്വാറന്റൈനിൽ വിടും. ഒരു മാസത്തേക്ക് ചെറിയ ചുറ്റുമതിലുകളുള്ള സ്വാഭാവിക വനത്തിൽ താമസിപ്പിച്ച ശേഷമാവും തുറന്ന് വിടുക. ഇവയ്ക്ക് വേട്ടയാടി കഴിക്കുന്നതിനായി മാനുകളെ അധികമായി കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ചീറ്റകൾ രാജ്യത്ത് എത്തുന്നത്. ഇന്ത്യയിൽ വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചീറ്റകൾ രാജ്യത്ത് തിരികെ എത്തുന്നത്.