തിരുവനന്തപുരം: വൈദ്യുതി കുടിശ്ശികയുടെ പേരിൽ വിഛേദിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. കുടിശ്ശിക മുഴുവൻ ഈ മാസം 30ന് അടച്ചുതീർക്കാമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉറപ്പിൻ മേലാണ് കെ. എസ്. ഇ. ബി നടപടി. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശികയിനത്തിൽ പല തവണ നോട്ടീസ് അയച്ചിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് ഈ മാസം 13നാണ് കെ. എസ്. ഇ. ബി കഴക്കൂട്ടം സെക്ഷൻ
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫീസ് ഊരിയത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ വരുന്ന 28ന് നടക്കാനിരിക്കെ കെ. എസ്. ഇ. ബിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം പരക്കെ വിമർശനമുയർത്തിയിരുന്നു.
വൈദ്യുതി നഷ്ടപ്പെട്ടതോടെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന സുരക്ഷ അവലേകന യോഗവും, സ്റ്റേഡിയ അറ്റകുറ്റ പണികളും ജനറേറ്ററിന്റെ സഹായത്തോടെയാണ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യുതി കുടിശ്ശിക തീർക്കാത്തതിൻറെ പേരിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയെന്നും വെദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ മേൽനോട്ട ചുമതലയുള്ള കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റി ലിമിറ്റഡാണ് വൈദ്യുതി കുടിവെള്ള ബില്ലുകൾ അടയ്ക്കേണ്ടത്. അതേ സമയം കുടിശ്ശിക നൽകിയില്ലെങ്കിൽ സമാനനടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.