എന്തിനും ഏതിനും ബലിയാടാക്കാൻ പൊലീസുകാരെ വിട്ടു തരില്ല; കരുനാഗപ്പള്ളിയിലെ അഭിഭാഷക പ്രതിഷേധത്തിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒയുടെ അടക്കം സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയില്ല; അടിയന്തര എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് പൊലീസ് അസോസിയേഷൻ; ഇനി ബലിയാടുകൾ വേണ്ടെന്ന കർശന നിലപാടുമായി അസോസിയേഷൻ

കൊച്ചി: എന്തിനും ഏതിനും, തൊട്ടതിനും പിടിച്ചതിനും പൊലീസുകാരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ. എല്ലാ പണികളും ഏൽപ്പിക്കുകയും, എല്ലാ പഴികളും കേൾക്കുകയും അതിന്റെ എല്ലാത്തിന്റെയും പേരിൽ നടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സംരക്ഷണം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഇക്കുറി പൊലീസ് അസോസിയേഷൻ സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ വിഷയത്തിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ അടക്കം നാലു പേരെ സസ്‌പെന്റ് ചെയ്യാനുള്ള നീക്കം കടുത്ത പ്രതിഷേധമാണ് പൊലീസിനുള്ളിൽ വിളിച്ചു വരുത്തിയത്. ഈ സാഹചര്യത്തിൽ അഭിഭാഷകർക്ക് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഉറപ്പ് നൽകിയെങ്കിലും സസ്‌പെൻഷൻ ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡിജിപി തന്നെയാണ് സസ്‌പെൻഷൻ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയതെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ മദ്യലഗഹരിയിൽ അക്രമാസക്തനാകുകയായിരുന്നു എന്നാണ് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ഇതേ തുടർന്നു ഇയാളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചതും വിലങ്ങ് അണിയിച്ചതും ലോക്കപ്പിൽ ഇട്ടതും. വീഡിയോ ദൃശ്യങ്ങൾ അടക്കം ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുമുണ്ട്. എന്നാൽ, ഇത്തരം വിഷയത്തിൽ പോലും പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് അസോസിയേഷൻ സ്വീകരിച്ചത്. ഇതേ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി സസ്‌പെൻഷൻ ഉത്തരവിൽ തീരുമാനം എടുക്കാത്തതെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം കൊച്ചിയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27 നാണ് അസോസിയേഷൻ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കടുത്ത പ്രതിഷേധങ്ങൾക്കിടെ ചേരുന്ന യോഗത്തെ ഏറെ പ്രതീക്ഷയോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ നോക്കികാണുന്നത്. നിരന്തരം ചെറിയ വിഷയങ്ങളിൽ പോലും ഇരുവശം നോക്കാതെ നടപടിയെടുക്കുന്നതിനെതിരെയാണ് കടുത്ത പ്രതിഷേധം ഉയരുന്നത്. ഈ സാഹചര്യത്തിൽ അസോസിയേഷനും ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇതിനിടെ പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും പുറത്തു വന്നിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

കുറച്ച് ദിവസങ്ങളായി ഒരു തൽപരസംഘം കേരളത്തിലെ പൊതുജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

ഒരു വിധത്തിലും പൊതുസമൂഹം ഒപ്പം ചേരാത്തത്ര മ്ലേച്ഛമായ ഒരു സംഭവത്തിൽ പ്രതിയായ ഒരു കൂട്ടുകാരനെ വർഗ്ഗബോധം എന്ന മഹത്തായ ആശയത്തിന് തൽപര വർഗ്ഗബോധം എന്ന പുതിയ മാനം നൽകി ധാർമികതയെയും നൈതികതയെയും നോക്കുകുത്തിയാക്കി നമ്മുടെ സാമാന്യ ബോധത്തെയാകെ വെല്ലുവിളിക്കുന്നുണ്ട്.

ഈ വിഷയത്തിൽ കേരളത്തിലെ പോലീസ് സംഘടനകൾ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേർസ് അസോസിയേഷനും ശക്തമായ നിലപാടെടുത്ത് മുൻപോട്ടു പോയിട്ടുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം പരസ്യമായ പ്രതികരണത്തിനും പ്രതിഷേധത്തിനും ഒക്കെ വലിയ പരിമിതിയുണ്ട്. എന്നാൽ തത്വതീക്ഷയില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു സംഘം നടത്തുന്ന ഇത്തരം സമരാഭാസങ്ങൾക്ക് പരിധികളോ പരിമിതികളോ ഇല്ല.

രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ ആകെ തടസ്സപ്പെടുത്തുന്ന നിലയിൽ മുന്നോട്ടു പോകാൻ അവർക്ക് കഴിയും. നമുക്ക് അതിന് കഴിയില്ല.

എന്നാൽ ഈ സംഭവത്തെ സംബന്ധിച്ച് പൂർണ്ണമായ വിവരങ്ങൾ കൃത്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുവാൻ പോലീസ് സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സംഭവത്തിൽ പോലീസിന് വീഴ്ചകൾ ഇല്ല എന്നത് കൊണ്ട് തന്നെ സാമാന്യ ബോധമുള്ള ആരും ഇതിനെ പിന്തുണയ്ക്കുന്നില്ല.പൊതുസമൂഹത്തിന്റെ യാതൊരുവിധ പിന്തുണയും ഈ സമരാഭാസത്തിന് ലഭിക്കാത്തത് അതുകൊണ്ടാണ്.

വസ്തുതകൾ മേലുദ്യോഗസ്ഥരെയും ഗവൺമെന്റിനെയും കൃത്യമായി ബോധിപ്പിക്കുവാൻ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട് അതിനാലാണ് ഇത്രയും ദിവസമായ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ ഒരു നടപടി എടുക്കൻ കഴിയാതിരുന്നത് എന്നതാണ് യാഥാർത്ഥ്യം. മേലുദ്യോഗസ്ഥരുടെ സമ്പൂർണ്ണമായ പിന്തുണ ഇക്കാര്യത്തിൽ നമുക്ക് ലഭിച്ചിട്ടുണ്ട്. ആരോടും പ്രതിബദ്ധതയില്ലാത്ത ഒരു സമൂഹത്തിന് ഏതുതരത്തിൽ വേണമെങ്കിലും പ്രതികരിക്കാം. നാടിൻറെ വ്യവസ്ഥിതികളെ പ്രതിസന്ധിയിൽ ആക്കാൻ ഇത് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ ഗവൺമെന്റുകൾ എടുക്കുന്ന സമീപനം പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതാകണം എന്ന നിലയിൽ ആകും.

വൈകാരികമായി ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തു പോകാൻ നമുക്ക് കഴിയില്ല. യാതൊരുവിധ തെറ്റും ചെയ്യാതെ സമൂഹത്തിൻറെ സുരക്ഷയ്ക്കായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുമായി ഡിപ്പാർട്ട്‌മെൻറ് തുടർന്നും മുന്നോട്ടു പോകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ആത്മാർത്ഥതയോടെ അന്തസ്സോടെ ഡ്യൂട്ടി നിർവഹിച്ച പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് സംഘടന. നിശബ്ദത ദൗർബല്യമല്ല. അച്ചടക്കത്തോടെ വ്യവസ്ഥാപിതമായ മാർഗങ്ങളിൽ നിന്നുകൊണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സംഘടനകൾ സ്വീകരിക്കും ഒപ്പം തന്നെ എല്ലാ നിയമലംഘനങ്ങളിലും നിയമാനുസരണ നടപടികൾ സ്വീകരിക്കുവാൻ ഇടപെടും.

സംഭവത്തിന്റെ വിശദാംശങ്ങൾ ഇതിലധികം പ്രതിപാദിക്കുന്നതിൽ പലവിധ തടസ്സങ്ങളുണ്ട്. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം സദുദ്ദേശത്തോടെ നിയമാനുസരണം പോലീസ് ചെയ്ത നടപടികളെ, പ്രത്യേക താല്പര്യങ്ങൾ ഉള്ള ഒരു സമൂഹം വക്രീകരിക്കാൻ പരിശ്രമിച്ച് നുണപ്രചാരണം നടത്തി രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ആകെ സ്തംഭിപ്പിച്ച് മുന്നോട്ടുപോകുമ്പോൾ ഈ സംഘത്തിന് പുറത്തുള്ള വലിയൊരു സമൂഹം ശരിതെറ്റുകൾ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട് എന്ന വസ്തുത മറക്കാതിരിക്കുക.
അന്യായത്തിന്റെ പക്ഷം ചേർന്നവർ നീതിയുടെ കാവലാളാകേണ്ടവരാണെന്നത് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.

പിന്നെ ഭീഷണിയും തല്ലലും കൊല്ലലും. ഇത് കേൾക്കുമ്പോൾ ഓർമ വരുന്നത് ബഹുമാന്യനായ മുഖ്യമന്ത്രിയുടെ വാക്കുകൾ ആണ്
‘ വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ട് വേണ്ട.’
ഇങ്ങനെയുള്ള കുറ്റവാളികളുടെ ഭീഷണിക്കുമുന്നിൽ നട്ടെല്ല് വളച്ചിരുന്നെങ്കിൽ ഇന്ന് കേരള പോലീസ് ഉണ്ടാകുമായിരുന്നില്ല. കാലങ്ങളായി കള്ളന്മാരും കൊള്ളക്കാരും കുറ്റവാളികളും സാമൂഹ്യദ്രോഹികളും സ്ത്രീപീഡകരും മദ്യ മയക്കുമരുന്ന് മാഫിയകളും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. ആ തലത്തിൽ ഒരു വിഭാഗം കൂടി. അത്രയേ ഞങ്ങൾ കാണുന്നുള്ളൂ. വർഗബോധം വർഗസമൂഹങ്ങളെയാണ് സൃഷ്ടിക്കേണ്ടത്. തെമ്മാടിക്കൂട്ടങ്ങളെ അല്ല.
ഇത്തരം പ്രതിസന്ധികൾ ഒന്നും നിയമവാഴ്ച സംരക്ഷിക്കുന്ന നിലയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് വിഘാതമാകാൻ പാടില്ല. എന്നുമാത്രമല്ല ജനങ്ങളുടെ ജീവനും സ്വത്തിനും അന്തസ്സിനും സംരക്ഷണം നൽകിക്കൊണ്ട് നിയമാനുസരണം നമ്മിൽ അർപ്പിതമായ കർത്തവ്യങ്ങൾ കൂടുതൽ ആത്മാർത്ഥതയോടെ വിശ്വസ്തതയോടെ അന്തസ്സോടെ പൊതുജന സംരക്ഷണാർത്ഥം നടത്തി പോകാൻ പരിശ്രമിക്കുകയും വേണം.

കാർമേഘങ്ങൾക്ക് താൽക്കാലികമായി മാത്രമേ സൂര്യനെ മറയ്ക്കാൻ കഴിയൂ.
പ്രിയപ്പെട്ട ഉദ്യോഗസ്ഥർക്ക്… സദുദ്ദേശ്യ ത്തോടെയുള്ള നടപടികൾക്ക്… നാടിനോടുള്ള കരുതലിന്… വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്ക്… കാവലിന്… നിർഭയമായ കർത്തവ്യ നിർവഹണത്തിന്… ഐക്യദാർഢ്യം.
ഷിനോദാസ്.എസ്സ്. ആർ.
സംസ്ഥാന പ്രസിഡന്റ്
കേരള പോലീസ് അസോസിയേഷൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.