തിരുവനന്തപുരം : കമ്മ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിന്റെ അഭിമാനകരമായ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതുള്‍ക്കൊള്ളാന്‍ സാമ്രാജ്യത്വത്തിന്റെ തിണ്ണയില്‍ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിനു സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ പദവിയെ താങ്ങി നിര്‍ത്തുന്ന പാര്‍ലമെന്ററി ഡെമോക്രസി, ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി എന്നിവയെല്ലാം വിദേശത്ത് നിന്നും കടം കൊണ്ട ആശയങ്ങളാണ്. അതും അദ്ദേഹം മറന്നു പോയിരിക്കുന്നു. അതോ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കില്ല എന്ന നിലപാടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിയുടെ മറുപടി: കമ്മ്യൂണിസം വിദേശത്തു നിന്നു കടത്തിയ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. അങ്ങനെയാണെങ്കില്‍ ഇന്നു ഈ രാജ്യത്തു നില നില്ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ഉത്ഭവം എവിടെയാണ്? അതും വന്നത് യൂറോപ്പില്‍ നിന്നാണ്. അതെങ്ങനെയാണ് വന്നത്? രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിന്റെയും അധിനിവേശത്തിന്റെയും കൊള്ളയുടേയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്ക് മുതലാളിത്തവും സാമ്രാജ്യത്വവും സമ്മാനിച്ചിട്ടുള്ളത്. ആ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നടത്തുന്ന ഇന്നും തുടരുന്ന സമരത്തിന്റെ അഭിമാനകരമായ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതുള്‍ക്കൊള്ളാന്‍ അതേ സാമ്രാജ്യത്വത്തിന്റെ തിണ്ണയില്‍ മാപ്പിരക്കാനായി നിരങ്ങിയ പ്രത്യയശാസ്ത്ര ബോധ്യത്തിനു സാധിക്കില്ല എന്നത് നാം കാണണം.
പത്രസമ്മേളനത്തിനായി ഒരു വൈദേശിക ഭാഷയെ ആശ്രയിക്കേണ്ടി വരുന്നു എന്ന ചിന്ത പോലും അദ്ദേഹത്തിനില്ല എന്നത് കൗതുകകരമാണ്. ഗവര്‍ണര്‍ എന്ന തന്റെ പദവിയെ താങ്ങി നിര്‍ത്തുന്ന പാര്‍ലമെന്ററി ഡെമോക്രസി, ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസി എന്നിവയെല്ലാം വിദേശത്ത് നിന്നും കടം കൊണ്ട ആശയങ്ങളാണ് എന്നതും അദ്ദേഹം മറന്നു പോയിരിക്കുന്നു. അതോ വിദേശത്ത് നിന്നും വന്നതുകൊണ്ട് ഇതൊന്നും അംഗീകരിക്കില്ല എന്ന നിലപാടാണോ. അങ്ങനെയെങ്കില്‍ അത് ഏകാധിപത്യ ബോധത്തിന്റെപ്രതിഫലനമാണെന്നു വേണം കാണാന്‍.
ഭരണഘടനയാണ് ഈ രാജ്യത്തിന്റെ സത്ത. നൂറു കണക്കിനു നാട്ടു രാജ്യങ്ങളായും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളായും ചിതറിക്കിടന്നിരുന്ന അതിവിശാല ഭൂപ്രദേശമാണിത്. അതിന്റെ കണ്ണഞ്ചിക്കും വിധം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളേയും ഉപദേശീയതകളേയും ഒക്കെ ചേര്‍ത്തു നിര്‍ത്തി ഒരൊറ്റ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയുടെ ആമുഖം പറയുന്നത്, ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാണ്. അത്തരത്തില്‍ ഈ രാജ്യത്തെനിലനിര്ത്താനാണ് നമ്മളെല്ലാം പ്രവര്‍ത്തിക്കുന്നത്.
അല്ലാതെ ആ സത്തയെ തകര്‍ക്കാനായി വര്‍ഗീയതയുടേയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രസരിപ്പിക്കാനല്ല. ജനങ്ങളും ഈ നാടുമാണ് സര്‍ക്കാരിന്റെ പരിഗണനാ വിഷയങ്ങള്‍. അതല്ലാതെ ഏറ്റുമുട്ടലല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് പ്രകടിപ്പിക്കാനും പരിഹരിക്കാനും ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുശാസിക്കുന്ന രീതികള്‍ ഉണ്ട്. ആ സാധ്യതകളാണ് ഉപയോഗിക്കേണ്ടത് എന്നാണ് ആവര്‍ത്തിച്ചു വ്യക്തമാക്കാനുളളത്.