തിരുവനന്തപുരം: അഭിഭാഷകരുടെ പ്രതിഷേധത്തെ തോൽപ്പിക്കാൻ പൊലീസ് ഇടപെടലിനുമായില്ല. കൊല്ലം കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒടുവിൽ പൊലീസിനു പരാജയം. പരാതിയിൽ കഴമ്പില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കണ്ടെത്തിയിട്ടും നാല് പൊലീസ് ഉദ്യോഗസ്ഥർ ബലിയാടുകളായി. ഹൈക്കോടതി അടക്കം ബഹിഷ്കരിച്ച് അഭിഭാഷകർ നടത്തിയ സമ്മർദത്തിന് വഴങ്ങിയാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരെയാണ് സസ്പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ അഞ്ചിനു മദ്യപിച്ച നിലയിൽ കണ്ടെത്തിയ കരുനാഗപ്പള്ളി ബാർ അസോസിയേഷനിലെ അഭിഭാഷകൻ എസ്.ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ച് ഇദ്ദേഹത്തിന് മർദനമേറ്റതായി ആരോപിച്ച് അഭിഭാഷകർ രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം ശക്തമാക്കിയ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അടക്കം ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച തന്നെ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തെന്ന രീതിയിൽ അഭിഭാഷർ പ്രചാരണം ആരംഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സംസ്ഥാന പൊലീസ് മേധാവി വിഷയത്തിൽ ഇടപെടുകയും, സസ്പെൻഷൻ പൊലീസ് സേനയുടെ ആകെ മൊറൈലിനെ ബാധിക്കുമെന്നു സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്തുകയുമായിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും, കേരള പൊലീസ് അസോസിയേഷനും വിഷയത്തിൽ ശക്തമായ നിലപാടുമായി രംഗത്ത് എത്തുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് തലപ്പത്ത് പുനർവിചിന്തനം ഉണ്ടായത്.
എന്നാൽ, അഭിഭാഷകർക്ക് ഉറപ്പു നൽകി 24 മണിക്കൂർ കഴിഞ്ഞിടും സിഐ അടക്കമുള്ളവരെ സസ്പെന്റ് ചെയ്യാതെ വന്നതോടെ അഭിഭാഷകർ വീണ്ടും സമ്മർദവുമായി രംഗത്ത് ഇറങ്ങി. ഇതോടെയാണ് ബുധനാഴ്ച വൈകിട്ടോടെ നാലു പേരെയും സസ്പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ തിരുവനന്തപുരം റേഞ്ച് ഡിഐജിയെയും സംസ്ഥാന പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ തൃപ്തിപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ ബലി കൊടുത്തതിൽ കടുത്ത അമർഷമാണ് പൊലീസ് സേനയിൽ ഉയരുന്നത്.