കൊച്ചി: കരുനാഗപ്പള്ളിയിൽ നാലു പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസിനും രക്തത്തിനും പെറ്റി കേസ് കൊണ്ട് പകരം ചോദിക്കാനൊരുങ്ങി കേരള പൊലീസ്. അഭിഭാഷകരുടെ പ്രധാന വരുമാനമാർഗമായ പെറ്റിക്കേസുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന നിർണ്ണായകമായ തീരുമാനമാണ് ഇപ്പോൾ പൊലീസ് എടുക്കാൻ പോകുന്നത്. പെറ്റി കേസുകളിൽ എഫ്‌ഐആർ ഇടാതെ, പിഴ ഒടുക്കി തീർക്കാനുള്ള തീരുമാനത്തിലേയ്ക്കു കേരള പൊലീസ് നീങ്ങുകയാണ് എന്ന നിർണ്ണായകമായ സൂചനയാണ് പൊലീസിലെ ഉന്നത കേന്ദ്രങ്ങൾ നൽകുന്നത്. കേരള പൊലീസ് രജിസ്റ്റർ ചെയ്യുന്നതിൽ 50 ശതമാനവും പൊലീസ് നേരിട്ട് രജിസ്റ്റർ ചെയ്യുന്ന സുവാമോട്ടോ കേസുകളാണ്. ഈ കേസുകളിൽ ഇനി കോടതിയിൽ പിഴ അടച്ചോളാം എന്ന് അറിയിക്കുന്നവർക്ക് മാത്രം എഫ്‌ഐആർ കേസെടുത്താൽ മതിയെന്ന ധാരണയാണ് തത്വത്തിൽ പൊലീസ് ഉന്നതങ്ങളിൽ എത്തിയിരിക്കുന്നത്.
ഇതുവഴി വർഷത്തിൽ അരലക്ഷത്തോളമെങ്കിലും കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥരും, അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസാണ് കേരള പൊലീസിനു ബലി നൽകേണ്ടി വന്നത്. പരസ്പരം പ്രശ്‌നങ്ങൾ പരിഹരിച്ചു തീർക്കാൻ തയ്യാറാകാതെ ഏറ്റുമുട്ടിലേയ്ക്കു പോകുകയാണ് ചെയ്തത്. തുടർന്നാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ബുധനാഴ്ച വൈകിട്ടോടെ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് പൊലീസ് – അഭിഭാഷകർ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. അഭിഭാഷകരെ കുടുക്കാനുള്ള തന്ത്രമാണ് ഇപ്പോൾ പൊലീസ് അണിയറയിൽ ഒരുക്കുന്നത്. അഭിഭാഷകരിൽ പലരുടെയും പ്രധാന വരുമാനമാർഗം പെറ്റിക്കേസുകളാണ്. വലിയ അഭിഭാകർ വലിയ കേസുകളുമായി മുന്നേറുമ്പോൾ പെറ്റിക്കേസുകളിൽ കോടതിയിൽ നടത്തുന്ന ഇടപെടലുകളിലൂടെയാണ് അഭിഭാഷകർ ജീവിതം പച്ച പിടിപ്പിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ കൃത്യമായി മറുപടി നൽകാനുള്ള നീക്കമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പിടിക്കുന്ന പെറ്റിക്കേസുകളിൽ ഇനി എഫ്‌ഐആർ ഇടാതെ ഇരിക്കാനാണ് ആലോചിക്കുന്നത്. പെറ്റി കേസുകളിൽ എഫ്‌ഐആർ ഇടാതെ പിഴ ഈടാക്കി കേസുകൾ തീർക്കുന്നതിനാണ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസിന്റെ പണി ഏതു തലത്തിൽ നിന്നു തുടങ്ങുമെന്ന ആലോചനയാണ് ഉള്ളത്. കാര്യങ്ങൾ പൊലീസ് സേനയുടെ തലപ്പെത്തെത്തിയാൽ ഉടൻ തന്നെ പെറ്റിക്കേസുകളിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.