കൊച്ചി : എന്‍.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മിന്നല്‍ ഹര്‍ത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിമർശനം. ഹര്‍ത്താല്‍ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവര്‍ക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണങ്ങളില്‍ നിന്നും പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതല്‍, നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഇതിനിടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമരങ്ങള്‍ നടത്തുന്നതിനെയല്ല കോടതി എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കിയ ജയശങ്കരന്‍ നബ്യാര്, നിയാസ് റഹ്മാന് അടങ്ങിയ ഡിവിഷന് ബെഞ്ച്, ഇത്തരം മിന്നല്‍ ഹര്‍ത്താലുകളെയും ആക്രമണങ്ങള്‍ക്കെതിരെയുമാണ് നടപടി ആവശ്യപ്പെടുന്നതെന്നും നിര്‍ദ്ദേശിച്ചു.